Skip to content

അപൂർവ്വ നേട്ടത്തിൽ ഇതിഹാസ താരങ്ങൾക്കൊപ്പം മാർനസ് ലാബുഷെയ്ൻ

തകർപ്പൻ പ്രകടനമാണ് പരിക്കേറ്റ സ്റ്റീവ് സ്മിത്ത് പകരക്കാരനായി ടീമിലെത്തിയ യുവതാരം മാർനസ് ലാബുഷെയ്ൻ ഓസ്‌ട്രേലിയക്കായി കാഴ്ച്ചവെച്ചത്. കളിച്ച മൂന്ന് ഇന്നിങ്‌സിലും ഫിഫ്റ്റി നേടിയ ലാബുഷെയ്ൻ 70 മുകളിൽ ശരാശരിയിൽ 213 റൺസ് ഓസ്‌ട്രേലിയക്കായി നേടി. ഇതോടൊപ്പം മറ്റൊരു അപൂർവ്വ റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് ഈ യുവതാരം.

ലീഡ്സിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ ആദ്യ ഇന്നിങ്‌സിൽ 74 റൺസും രണ്ടാം ഇന്നിങ്സിൽ 80 റൺസും ലാബുഷെയ്ൻ നേടിയിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്‌സിൽ എതിർ ടീമിന്റെ ടോട്ടലിനേക്കാൾ കൂടുതൽ റൺസ് രണ്ട് ഇന്നിങ്‌സിലും നേടുന്ന അഞ്ചാത്തെ ബാറ്റ്സ്മാനെന്ന റെക്കോർഡ് ലാബുഷെയ്ൻ സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 67 റൺസ് മാത്രമാണ് നേടാൻ സാധിച്ചിരുന്നത്.

ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനാണ് ലാബുഷെയ്ൻ. 1948 ഇന്ത്യയ്‌ക്കെതിരെ ഡോൺ ബ്രാഡ്മാനാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. തുടർന്ന് 1976 ൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസ് ഇതിഹാസം ഗോർഡൻ ഗ്രീനിഡ്ജ്, 2002 ൽ ഇംഗ്ലണ്ടിനെതിരെ മാത്യൂ ഹെയ്ഡൻ, 2004 ൽ പാകിസ്ഥാനെതിരെ നിലവിലെ ഓസ്‌ട്രേലിയൻ മുഖ്യപരിശീലനകൻ കൂടിയായ ജസ്റ്റിൻ ലാങർ എന്നിവരും ഈ നേട്ടം സ്വന്തമാക്കി.