Skip to content

വീണ്ടും ക്രിക്കറ്റ് കളിക്കുവാൻ സാധിക്കുമോയെന്ന കാര്യം എനിക്കറിയില്ലായിരുന്നു ; സ്റ്റീവ് സ്മിത്ത്

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്നുള്ള 15 മാസകാലയളവിൽ വീണ്ടും ക്രിക്കറ്റ് കളിക്കുമോയെന്ന് തനിക്കറില്ലായിരുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയ്ക്ക് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് വിലക്ക് നേരിട്ട സമയത്തെ അനുഭവങ്ങൾ സ്റ്റീവ് സ്മിത്ത് പങ്കുവെച്ചത്.

” ആ പതിനഞ്ചുമാസ കാലയളവിൽ വീണ്ടും സ്ഥിരമായി ക്രിക്കറ്റ് കളിക്കുവാൻ സാധിക്കുമോയെന്ന് എനിക്കറില്ലായിരുന്നു. ക്രിക്കറ്റിനോടുള്ള ഇഷ്ട്ടത്തിലും കുറവ് വന്നിരുന്നു. പ്രത്യേകിച്ചും കൈമുട്ടിലെ ഓപ്പറേഷന്റെ സമയത്ത്, എന്നാൽ ഓപ്പറേഷനെ തുടർന്നുള്ള ബ്രേസ് അഴിച്ചുമാറ്റിയതോടെ ക്രിക്കറ്റിനോടുള്ള ഇഷ്ട്ടം പഴയപടിയായി. വീണ്ടും ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കാനും ആളുകളിൽ മതിപ്പുണ്ടാക്കാനും എന്റെ ഇഷ്ട്ടങ്ങൾ ചെയ്യുവാനും അതൊരു ഉത്തേജനമായിരുന്നു ” സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ഒരു ഘട്ടത്തിൽ 122 റൺസിന് എട്ട് വിക്കറ്റ് നഷ്ട്ടമായ ശേഷം ഒമ്പതാം വിക്കറ്റിൽ പീറ്റർ സിഡിലിനൊപ്പം 88 റൺസും പത്താം വിക്കറ്റിൽ നഥാൻ ലയണോപ്പം 74 റൺസും നേടിയാണ് സ്മിത്ത് ഓസ്‌ട്രേലിയയെ 284 റൺസെന്ന ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 24 ആം ടെസ്റ്റ് സെഞ്ചുറി പൂർത്തിയാക്കിയ സ്റ്റീവ് സ്മിത്ത് 144 റൺസ് നേടിയാണ് പുറത്തായത്.