Skip to content

63 പന്തിൽ പുറത്താകാതെ 133 റൺസ് ; ലോകറെക്കോർഡ് തിരുത്തി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

വുമൺസ് ആഷസ് 2019 ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ വനിതാ ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന സ്വന്തം റെക്കോർഡ് തിരുത്തികുറിച്ച് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മേഗ് ലാന്നിങ്. മത്സരത്തിൽ 63 പന്തിൽ 17 ഫോറും ഏഴ് സിക്സുമടക്കം പുറത്താകാതെ 133 റൺസ് നേടിയാണ് അഞ്ച് വർഷങ്ങൾക്ക് മുൻപ് താൻ കുറിച്ച റെക്കോർഡ് ലാന്നിങ് തിരുത്തിയത്.

2014 ൽ അയർലൻഡിനെതിരെ 126 റൺസ് നേടിയാണ് ഈ റെക്കോർഡ് ഇതിനുമുൻപ് ലാന്നിങ് സ്വന്തമാക്കിയത്. ഈ വർഷം ജർമനിയ്ക്കെതിരെ പുറത്താകാതെ 126 റൺസ് നേടിയ നെതർലൻഡ്‌സ് താരം സ്റ്റെറെ കാലിസ് ലാന്നിങിന്റെ റെക്കോർഡിനൊപ്പം എത്തിയിരുന്നു.

മത്സരത്തിൽ 93 റൺസിന്റെ തകർപ്പൻ വിജയം നേടിയ ഓസ്‌ട്രേലിയ ആഷസ് നിലനിർത്തുകയും ചെയ്തു.