Skip to content

അഞ്ചാം മത്സരത്തിലും തകർപ്പൻ വിജയം ; പാകിസ്ഥാനെ വെള്ളപൂശി ഓസ്‌ട്രേലിയ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 20 റൺസിന്റെ തകർപ്പൻ വിജയം. ഓസ്‌ട്രേലിയ ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 307 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. പാകിസ്ഥാന് വേണ്ടി ഹാരിസ് സൊഹൈൽ 129 പന്തിൽ 130 ഉം ഉമർ അക്മൽ 44 പന്തിൽ 43 ഉം ഇമാദ് വാസിം 34 പന്തിൽ 50 റൺസും നേടിയെങ്കിലും വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല . മൂന്ന് വിക്കറ്റ് നേടിയ ജേസൺ ബെഹ്റൻഡ്രോഫാണ് ഓസ്‌ട്രേലിയക്ക് വേണ്ടി ബൗളിങിൽ തിളങ്ങിയത്.

നേരത്തെ ആദ്യം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയെ 111 പന്തിൽ 98 റൺസ് നേടിയ ഉസ്മാൻ ഖവാജ, 69 പന്തിൽ 53 റൺസ് നേടിയ ക്യാപ്റ്റൻ ആരോൻ ഫിഞ്ച്, 68 പന്തിൽ 61 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസ്, 33 പന്തിൽ 70 റൺസ് നേടി തകർത്തടിച്ച ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത് . ഗ്ലെൻ മാക്‌സ്‌വെല്ലാണ് മാൻ ഓഫ് ദി മാച്ച്. ആരോൺ ഫിഞ്ചാണ് മാൻ ഓഫ് ദി സീരീസ്.