Skip to content

ചരിത്രത്തിലാദ്യമായി ആ റെക്കോർഡ് സ്വന്തമാക്കി ഓസ്‌ട്രേലിയ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ വിജയത്തിന് പുറകെ പാകിസ്ഥാനെതിരായ ഏകദിന പരമ്പര 5-0 ന് സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ. ദുബായിൽ നടന്ന അവസാന മത്സരത്തിൽ 20 റൺസിനായിരുന്നു ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയർത്തിയ 328 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 307 റൺസ് നേടാനെ സാധിച്ചുള്ളൂ. ഓസ്‌ട്രേലിയക്ക് വേണ്ടി ഉസ്മാൻ ഖവാജ (98), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (53), ഷോൺ മാർഷ് (61) മികച്ച പ്രകടനം കാഴ്ച്ചവെച്ചു. അവസാന ഓവറുകളിൽ 30 പന്തിൽ 70 റൺസ് നേടി ഗ്ലെൻ മാക്‌സ്‌വെൽ തകർത്തടിച്ചതോടെയാണ് ഓസ്‌ട്രേലിയൻ സ്കോർ 320 കടന്നത്.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ പരാജയത്തിന് ശേഷം ഓസ്‌ട്രേലിയ നേടുന്ന തുടർച്ചയായി എട്ടാം ഏകദിന വിജയം കൂടിയാണിത് . ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളും ഓസ്ട്രേലിയ വിജയിച്ചിരുന്നു. ഏകദിന ചരിത്രത്തിൽ ഇതാദ്യമായാണ് ഓസ്‌ട്രേലിയ ഏഷ്യയിൽ തുടർച്ചയായി എട്ട് മത്സരങ്ങൾ വിജയിക്കുന്നത് . 1998 ലും 2003/2004 ലും ഏഷ്യയിൽ തുടർച്ചയായി ഏഴ് ഏകദിന മത്സരങ്ങളിൽ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.