Skip to content

തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം ; പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ

പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 80 റൺസിന്റെ തകർപ്പൻ വിജയം . ഓസ്‌ട്രേലിയ ഉയർത്തിയ 267 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് 44.4 ഓവറിൽ 186 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. വിജയത്തോടെ രണ്ട് മത്സരങ്ങൾ കൂടെ ബാക്കിനിൽക്കെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. എട്ടോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസ്, 9.4 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആഡം സാംപ എന്നിവരുടെ മികച്ച പ്രകടനമാണ് പാകിസ്ഥാനെ തകർത്തത്. ബെഹ്റൻഡ്രോഫ്‌, ഗ്ലെൻ മാക്‌സ്‌വെൽ, നേഥൻ ലയൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 46 റൺസ് നേടിയ ഇമാം ഉൾ ഹഖ്, 32 റൺസ് നേടിയ ഷൊഹൈബ് മാലിക്, 36 റൺസ് നേടിയ ഉമർ അക്മൽ, 43 റൺസ് നേടിയ ഇമാദ് വാസിം എന്നിവർക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും വമ്പൻ സ്കോർ ആയി ഉയർത്താൻ ആർക്കും സാധിച്ചില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 90 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്, 47 റൺസ് നേടിയ പീറ്റർ ഹാൻഡ്‌സ്കോംബ് 55 പന്തിൽ 71 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ ചേർന്നാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.

പാറ്റ് കമ്മിൻസാണ് മാൻ ഓഫ് ദി മാച്ച്.