Skip to content

കർമ്മ തിരിച്ചടിച്ചു ; കൊൽക്കത്തയ്ക്കെതിരെ അശ്വിന് പറ്റിയത് വമ്പൻ അമളി

ക്രിക്കറ്റ് നിയമത്തിന്റെ പേരിൽ രാജസ്ഥാനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലറെ മങ്കാഡിങ് ചെയ്ത് പുറത്താക്കി വിജയം നേടിയ കിങ്‌സ് ഇലവൻ പഞ്ചാബിന് കൊൽക്കത്തയ്ക്കെതിരെ വിനയായത് മറ്റൊരു ക്രിക്കറ്റ് നിയമം. മത്സരത്തിൽ 17 പന്തിൽ 48 റൺസ് നേടി തകർത്തടിച്ച ആന്ദ്രേ റസ്സലിന്റെ മികവിലാണ് കൊൽക്കത്ത 218 എന്ന കൂറ്റൻ സ്കോർ സ്വന്തമാക്കിയത്. അതിനുമുൻപ് പതിനാറാം ഓവറിലെ തന്റെ അവസാന പന്തിൽ റസ്സലിനെ പുറത്താക്കാൻ മൊഹമ്മദ് ഷാമിയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ക്യാപ്റ്റൻ അശ്വിന്റെ അശ്രദ്ധ പഞ്ചാബിന് തിരിച്ചടിയായി. മൂന്ന് ഫീൽഡർമാരെ മാത്രമായിരുന്നു ഇന്നർ സർക്കിളിൽ അശ്വിൻ വിന്യസിച്ചിരുന്നത്. അതുകൊണ്ട് തന്നെ അമ്പയർ നോ ബോൾ വിധിക്കുകയും തനിക്ക് കിട്ടിയ അവസരം റസ്സൽ വിനിയോഗിക്കുകയും ചെയ്തു.

കഴിഞ്ഞ മത്സരത്തിൽ ബട്ട്ലറെ മങ്കാദിങ് ചെയ്ത് പുറത്താക്കിയ ശേഷം രൂക്ഷ വിമർശനങ്ങളാണ് അശ്വിൻ നേരിട്ടത് . താൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല ശ്രദ്ധിക്കേണ്ടത് ബാറ്റ്സ്മാനായിരുന്നുവെന്നാണ് മത്സരശേഷം അശ്വിൻ പറഞ്ഞത്. എന്നാൽ ഇക്കുറി ഏതൊരു ക്രിക്കറ്റ് ആരാധകനും അറിയാവുന്ന നിയമം പാലിക്കാതെ മത്സരത്തിലെ വിജയം തന്നെ നഷ്ട്ടപെടുത്തിയിരിക്കുകയാണ് കിങ്‌സ് ഇലവൻ ക്യാപ്റ്റൻ. അശ്വിന്റെ അബദ്ധം വിമർശകരും ആഘോഷമാക്കിയിരിക്കുകയാണ്.