Skip to content

ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് പൂർത്തിയാക്കി സുരേഷ് റെയ്‌ന ; സ്വന്തമാക്കിയത് ചരിത്രനേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ 5000 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനായി ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന . റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 15 റൺസ് പിന്നിട്ടതോടെയാണ് ഈ നേട്ടം സുരേഷ് റെയ്‌ന സ്വന്തമാക്കിയത്. ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഈ നേട്ടം സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നെങ്കിലും മത്സരത്തിൽ 6 റൺ നേടാൻ മാത്രമേ വിരാട് കോഹ്ലിക്ക് സാധിച്ചുള്ളൂ.

സുരേഷ് റെയ്‌നയുടെ 177 ആം ഐ പി എൽ മത്സരമാണിത്. ഇതുവരെ 35 ഫിഫ്റ്റി നേടിയ റെയ്ന ഒരു സെഞ്ചുറിയും നേടിയിട്ടുണ്ട് .

164 മത്സരത്തിൽ നിന്നും 38.10 ശരാശരിയിൽ 4954 റൺസ് നേടിയ വിരാട് കോഹ്ലിയാണ് സുരേഷ് റെയ്‌നയ്ക്ക് പുറകിലുള്ളത്. 173 മത്സരത്തിൽ നിന്നും 4493 റൺസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, 4217 റൺസ് നേടിയ ഗൗതം ഗംഭീർ, 4129 റൺസ് നേടിയ റോബിൻ ഉത്തപ്പ, 4058 റൺസ് നേടിയ ശിഖാർ ധവാൻ, 4016 റൺസ് നേടിയ എം എസ്‌ ധോണി, 4014 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവരാണ് റൺവേട്ടയിൽ റെയ്നയ്ക്കും കോഹ്ലിക്കും പുറകിലുള്ളത്.