Skip to content

ഡൽഹിയ്ക്ക് കിരീടം നേടണമെങ്കിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ തിളങ്ങണം ; ശിഖാർ ധവാൻ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് കിരീടപ്രതീക്ഷകൾ ഉറപ്പിക്കണമെങ്കിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കണമെന്ന് ഇന്ത്യൻ ഓപ്പണർ ശിഖാർ ധവാൻ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഞായറാഴ്ച്ചയോടെയാണ് ശിഖാർ ധവാൻ ഡൽഹി ക്യാപിറ്റൽസിനൊപ്പം ചേർന്നത് .

” ഐ പി എല്ലിൽ മികച്ച ബാലൻസുള്ള ടീമാണ് എപ്പോഴും കിരീടം നേടിയിട്ടുള്ളത് . ഇക്കുറി ഞങ്ങളുടെ ടീം നല്ല പോലെ സന്തുലിതരാണ്. ഞങ്ങളുടെ മികച്ച ഓൾറൗണ്ടർമാരുണ്ട്, സ്പിന്നർമാരുണ്ട് ബാറ്റ്സ്മാന്മാരുണ്ട് . ഞങ്ങളുടെ നാലോ അഞ്ചോ മുൻനിര ബാറ്റ്സ്മാന്മാരും ഇന്ത്യയ്ക്കാരാണ് അതുകൊണ്ട് തന്നെ അവർ മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യമാണ്. മികച്ച സീസനാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ” ധവാൻ പറഞ്ഞു .

ഐ പി എൽ ആദ്യ സീസണിൽ ഡൽഹിയ്ക്ക് വേണ്ടി കളിച്ച ധവാൻ 10 സീസണിന് ശേഷമാണ് ഇപ്പോൾ ഹോം ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത് . കരിയറിന്റെ ആദ്യ ഘട്ടം മുതൽ ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയമാണ് തന്റെ ഹോം ഗ്രൗണ്ടെന്നും അതുകൊണ്ട് തന്നെ പിച്ചിലെ സാഹചര്യങ്ങൾ സുപരിചിതമാണെന്നും ഡൽഹിയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ തനിക്ക്‌ സാധിക്കുമെന്നും ധവാൻ കൂട്ടിച്ചേർത്തു .