Skip to content

കോഹ്ലിയോ രാഹുലോ അല്ല ലോകകപ്പിൽ നാലാമനായി വേണ്ടത് ഈ താരം ; സഞ്ജയ് മഞ്ജറേക്കർ

ലോകകപ്പിൽ ഫേവറൈറ്റുകളാണെങ്കിലും ഇന്ത്യൻ ടീമിനെ ഇപ്പോഴും അലട്ടുന്ന പ്രശ്നമാണ് നാലാം നമ്പർ ബാറ്റ്സ്മാന്റെ അഭാവം. ഈ പ്രശ്നത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഓൾ റൗണ്ടർ വിജയ് ശങ്കറിനെ ലോകക്കപ്പിനുള്ള ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്സ്മാനാക്കണമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ സഞ്ജയ് മഞ്ജറേക്കർ . നേരത്തെ നാലാം നമ്പറിൽ അമ്പാട്ടി റായുഡുവിന്റെ പേര് ഉയർന്നുവന്നെങ്കിലും ആ പ്ലാൻ ഇന്ത്യയ്ക്ക് വിജയകരമായില്ല.

സ്‌ട്രൈക് കൈമാറാനുള്ള വിജയ് ശങ്കറിന്റെ കഴിവും ആവശ്യം വന്നാൽ വമ്പൻ ഷോട്ടുകൾ പയിക്കാനുള്ള കഴിവും ഈ നിർണായക ബാറ്റിങ് പൊസിഷനിൽ വിജയിക്കുമെന്നും സഞ്ജയ് മഞ്ജറേക്കർ പറഞ്ഞു.

” വിജയ് ശങ്കറാണ് എന്റെ നാലാം നമ്പർ ബാറ്റ്സ്മാൻ സ്‌ട്രൈക് കൈമാറാനുള്ള കഴിവും അതുപോലെ തന്നെ വമ്പൻ സിക്സ് നേടാനുള്ള കഴിവും അവനുണ്ട് . ബാറ്റ്സ്മാനായി അവനെ കളിപ്പിക്കൂ .ബൗളറെന്ന നിലയിൽ മൂന്നോ നാലോ ഓവർ മാത്രമാണ് അവൻ അർഹിക്കുന്നത് അല്ലാതെ ഏഴോ പത്തോ ഓവറല്ല . ” മഞ്ജറേക്കർ പറഞ്ഞു .

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ റായുഡുവിന്റെ തകർപ്പൻ പ്രകടനം ഒരുപാട് പ്രതീക്ഷകൾ സൃഷ്ടിച്ചിരുന്നുവെന്നും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനം അത് അവസാനിപ്പിച്ചെന്നും വിരാട് കോഹ്ലി ഒരിക്കലും നാലാം നമ്പറിൽ ബാറ്റ് ചെയ്യരുതെന്നും സഞ്ജയ് മഞ്ജറേക്കർ കൂട്ടിച്ചേർത്തു .