Skip to content

ടീമിൽ 11 വിരാട് കോഹ്ലിമാർ ഉണ്ടാവില്ല ; ചില മത്സരങ്ങൾ വിജയിക്കും , ചില മത്സരങ്ങൾ പരാജയപ്പെടും – ഇന്ത്യൻ ടീമിന് പിന്തുണയുമായി മുത്തയ്യ മുരളീധരൻ

ഓസ്‌ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തിൽ കൂറ്റൻ സ്‌കോർ നേടിയിട്ടും ഇന്ത്യൻ ടീം ഓസ്‌ട്രേലിയയോട് ദയനീയമായ പരാജയം ഏറ്റുവാങ്ങുകയായിരുന്നു . പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിരവധി വിമർശനങ്ങളാണ് ഇന്ത്യൻ ടീം അംഗങ്ങൾക്ക് നേരിടേണ്ടി വന്നത് . 358 എന്ന കൂറ്റൻ സ്‌കോർ നേടിയിട്ടും ഇന്ത്യൻ ബോളർമാർക്ക് പ്രതിരോധിക്കാൻ സാധിച്ചിരുന്നില്ല .

വിമർശനങ്ങൾക്ക് പിന്നാലെ ഇന്ത്യൻ ടീമിന് പിന്തുണയുമായി മുൻ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരൻ രംഗത്തെത്തിയിരിക്കുകയാണ് . “ആരാധകർ കുറച്ചുകൂടി സംയമനം പാലിക്കണം. കഴിഞ്ഞ കുറച്ച് നാളുകളായി മികച്ച പ്രകടനമാണ് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പുറത്തെടുക്കുന്നത്. വിജയത്തിലേയ്ക്ക് നീങ്ങുമ്പോൾ തിരിച്ചടികൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ടീമിലെ പതിനൊന്ന് പേരും വിരാട് കോഹ്‌ലിമാരാകില്ല. എല്ലാവർക്കും ടീമിനെ വിജയത്തിലേയ്ക്ക് നയിക്കാനും സാധിച്ചെന്ന് വരില്ല, ” മുത്തയ്യ മുരളീധരൻ പറഞ്ഞു.

ചില മത്സരങ്ങൾ വിജയിക്കും , ചില മത്സരങ്ങൾ പരാജയപ്പെടും . അതല്ലെങ്കിൽ ടീമിലുള്ളവരെല്ലാം വിരാട് കോഹ്ലിമാരോ , സച്ചിൻ ടെണ്ടുൽക്കരോ , ബ്രാഡ് മാനോ ആയിരിക്കണം , അത് സാധിക്കില്ല . അദ്ദേഹം കൂട്ടിച്ചേർത്തു .