Skip to content

ഇക്കാര്യത്തിൽ സ്റ്റീവ് സ്മിത്തിന് ശേഷം ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഹാൻഡ്‌സ്കോമ്പ്

സ്റ്റീവ് സ്മിത്തിന് ശേഷം സ്പിന്നിർമാരെ ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനാണ് പീറ്റർ ഹാൻഡ്‌സ്കോംബെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാനും പരിശീലകനും കൂടിയായ ബ്രാഡ് ഹോഡ്ജ് . ജനുവരിയിൽ ഏകദിന ടീമിൽ തിരിച്ചെത്തിയത് മുതൽ മൊഹാലിയിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ സെഞ്ചുറിയടക്കം തകർപ്പൻ പ്രകടനമാണ് ഹാൻഡ്‌സ്കോമ്പ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത് .

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനമായിരുന്നു ഹാൻഡ്‌സ്കോമ്പിന്റെത് . മൂന്ന് മത്സരത്തിൽ നിന്നും 105 റൺസ് മാത്രം നേടിയ താരത്തെ നാലാം മത്സരത്തിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു . എന്നാൽ പരമ്പരയിൽ ഹാൻഡ്‌സ്കോമ്പ് ഒരിക്കലും ഫോമൗട്ടായിരുന്നില്ലെന്നും ജസ്പ്രീത് ബുംറയും, മൊഹമ്മദ് ഷാമിയും, ഇഷാന്ത് ശർമയുമടങ്ങുന്ന മികച്ച ബൗളിങ് നിരയ്ക്ക് മുൻപിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ലെന്നും എന്നാൽ ഇപ്പോൾ പിഴവുകൾ തിരുത്തി ഹാൻഡ്‌സ്കോമ്പ് തിരിച്ചെത്തിയെന്നും ഹോഡ്ജ് പറഞ്ഞു .

” ഓസ്‌ട്രേലിയയിൽ നടന്ന ഏകദിന പരമ്പരയിലും ഇപ്പോൾ ഇന്ത്യയിൽ നടന്ന പരമ്പരയിൽ മികച്ച പ്രകടനം അവൻ നടത്തി. എത്രത്തോളം വ്യത്യസ്ത ബാറ്റ്സ്മാനാണ് അവനെന്ന് നിങ്ങൾക്ക് കാണാം . വളരെ എളുപ്പത്തിലാണ് അവൻ കൂറ്റൻ ഷോട്ടുകൾ പോലും പായിക്കുന്നത് . സ്റ്റീവ് സ്മിത്തിന് ശേഷം സ്പിന്നിനെതിരായ ഞങ്ങളുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ് പീറ്റർ ഹാൻഡ്‌സ്കോമ്പ് ” ബ്രാഡ് ഹോഡ്ജ് വ്യക്തമാക്കി .