Skip to content

45 റൺസിന് എല്ലാവരും പുറത്ത് ; വെസ്റ്റിൻഡീസിന് നാണക്കേടിന്റെ റെക്കോർഡ്

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിന് വമ്പൻ തോൽവി . മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 183 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 11.5 ഓവറിൽ വെറും 45 റൺസിനാണ് ഓൾ ഔട്ടായത് . മത്സരത്തിൽ ഇംഗ്ലണ്ട് 137 റൺസിന്റെ കൂറ്റൻ വിജയം സ്വന്തമാക്കുകയും ചെയ്തു . രണ്ടോവറിൽ 6 റൺ മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ജോർദാനാണ് വെസ്റ്റിൻഡീസിനെ തകർത്തത് . ഡേവിഡ് വില്ലി, ആദിൽ റഷീദ്, ലിയാം പ്ലങ്കറ്റ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47 പന്തിൽ 87 റൺസ് നേടിയ സാം ബില്ലിങ്‌സ്, 40 പന്തിൽ 55 റൺസ് നേടിയ ജോ റൂട്ട് എന്നിവരുടെ മികവിലാണ് നിശ്ചിത 20 ഓവറിൽ 182 റൺസെന്ന മികച്ച സ്കോർ നേടിയത് .

അന്താരാഷ്ട്ര ട്വന്റി20 ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ സ്കോർ ആണിത് ഇതാദ്യമായാണ് ഒരു ടെസ്റ്റ് പദവിയുള്ള രാജ്യം 50 ൽ താഴെ ഓൾ ഔട്ടാകുന്നത് . 2014 വേൾഡ് ട്വന്റി20യിൽ ശ്രീലങ്കയ്ക്കെതിരെ 39 റൺസിന് പുറത്തായ നെതർലൻഡ്‌സിന്റെ പേരിലാണ് ഇപ്പോഴും ആ മോശം റെക്കോർഡ്.

71 പന്തുകൾ മാത്രമാണ് വെസ്റ്റിൻഡീസ് ഇന്നിങ്‌സ് നീണ്ടുന്നിന്നത്. അന്താരാഷ്ട്ര ട്വന്റി20യിലെ ഏറ്റവും ചുരുങ്ങിയ രണ്ടാമത്തെ ഓൾ ഔട്ട് ഇന്നിങ്‌സാണിത് . ശ്രീലങ്കയ്ക്കെതിരെ 2014 ൽ 10.3 ഓവറിലാണ് നെതർലൻഡ്‌സ്‌ 39 റൺസിന് പുറത്തായത് .

റൺസിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ട്വന്റി20യിലെ ഏറ്റവും വലിയ നാലാമത്തെ പരാജയം കൂടിയാണ് വെസ്റ്റിൻഡീസ് നേരിട്ടത് .