Skip to content

ഈ അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു ; വിജയ് ശങ്കർ

തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ഓൾ റൗണ്ടർ വിജയ് ശങ്കർ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ കാഴ്ച്ചവെച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി 41 പന്തിൽ 46 റൺസ് നേടി കോഹ്ലിക്കൊപ്പം 81 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തിയ വിജയ് ശങ്കർ ഓസ്‌ട്രേലിയയുടെ റൺ ചേസിൽ ഇന്ത്യയുടെ വിജയശില്പിയായി മാറുകയും ചെയ്തു. അവസാന ഓവറിൽ 11 റൺസ് വേണമെന്നിരിക്കെ പന്തെറിയാനെത്തിയ വിജയ് ശങ്കർ ആദ്യ പന്തിൽ തന്നെ 52 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസിനെ പുറത്താക്കി ഓസ്‌ട്രേലിയൻ പ്രതീക്ഷകൾ അവസാനിപ്പിക്കുകയും തുടർന്ന് മൂന്നാം പന്തിൽ അവസാന ബാറ്റ്സ്മാനായ ആഡം സാംമ്പയെ പുറത്താക്കി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

” അക്ഷരാർത്ഥത്തിൽ ഈ അവസരത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു . ഇത്തരത്തിലൊരു സമ്മർദ്ദ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ മാത്രമേ അവർ എന്നെ വീണ്ടും വിശ്വസിക്കുകയുള്ളൂ . 43 ആം ഓവർ മുതൽ തന്നെ ഞാൻ തന്നെയായിരിക്കും അവസാന ഓവർ എറിയേണ്ടി വരികയെന്നത് എനിക്കുറപ്പായിരുന്നു . അതുകൊണ്ട് തന്നെ അൽപ്പം മുന്നൊരുക്കത്തിന് എനിക്ക് സാധിച്ചു . ” മത്സരശേഷം വിജയ് ശങ്കർ പറഞ്ഞു.