Skip to content

നാഗ്പൂർ ഏകദിനം ; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ട് റൺസിന്റെ തകർപ്പൻ വിജയം . ഇന്ത്യ ഉയർത്തിയ 251 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് 49.3 ഓവറിൽ 242 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി .അവസാന ഓവറിൽ 11 റൺസ് വേണമെന്നിരിക്കെ മാർക്കസ് സ്റ്റോയിനിസിനെ ആദ്യ പന്തിൽ മടക്കി വിജയ് ശങ്കറാണ് ഇന്ത്യൻ വിജയം ഉറപ്പിച്ചത് . ജസ്പ്രീത് ബുംറ പത്തോവറിൽ 29 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും കുൽദീപ് യാദവ് 54 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. വിജയ് ശങ്കർ 15 റൺസ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജയും കേദാർ ജാദവും ഓരോ വിക്കറ്റ് വീതവും നേടി .

ഓസ്‌ട്രേലിയക്ക് വേണ്ടി മികച്ച തുടക്കമാണ് ഫിഞ്ചും ഖവാജയും ചേർന്ന് നൽകിയത് . ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ 83 റൺസ് കൂട്ടിച്ചേർത്തു . ഫിഞ്ച് 37 റൺസ് നേടി പുറത്തായപ്പോൾ ഖവാജ 37 പന്തിൽ 38 റൺസ് നേടി പുറത്തായി. ഹാൻഡ്സ്‌കോമ്പ്‌ 59 പന്തിൽ 48 ഉം സ്റ്റോയിനിസ് 65 പന്തിൽ 52 റൺസും നേടി പുറത്തായി. അലക്സ് കാരി 24 പന്തിൽ 22 റൺസ് നേടി .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 120 പന്തിൽ 116 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മികച്ച സ്കോറിൽ എത്തിച്ചത്. വിജയ് ശങ്കർ 41പന്തിൽ 46 റൺസ് നേടി . ഓസ്ട്രേലിയക്ക് പാറ്റ് കമ്മിൻസ് 29 റൺസ് വഴങ്ങി നാലും സാമ്പ രണ്ട് വീഴ്ത്തി.