Skip to content

ഐസിസി ടെസ്റ്റ് റാങ്കിങ് ; കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയായി കെയ്ൻ വില്യംസൺ

ബംഗ്ലാദേശിനെതിരായ തകർപ്പൻ ഡബിൾ സെഞ്ചുറിയോടെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ . ഇരട്ട സെഞ്ചുറിയോടെ വില്യംസന്റെ റേറ്റിങ് 897 ൽ നിന്നും 915 ആയി ഉയർന്നു . വില്യംസനെക്കാൾ ഏഴ് പോയിന്റ് മാത്രം മുന്നിലാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ബംഗ്ലാദേശിനെതിരെ ഇനിയും രണ്ട് ടെസ്റ്റ് മത്സരങ്ങൾ കൂടെ ശേഷിക്കെ കോഹ്ലിയെ മറികടന്ന് 2015 ന് ശേഷം വീണ്ടും ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം ന്യൂസിലാൻഡ് ക്യാപ്റ്റന് കൈവന്നിരിക്കുകയാണ്.

ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഏറ്റവും കൂടുതൽ റേറ്റിങ് സ്വന്തമാക്കുന്ന ന്യൂസിലാൻഡ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടവും വില്യംസൺ സ്വന്തമാക്കി . ബംഗ്ലാദേശിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ ഓപ്പണർ ടോം ലതാമും ജീത് റാവലും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി . 161 റൺസ് നേടിയ ലതാം ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാം സ്ഥാനത്തെത്തിയപ്പോൾ ആദ്യ സെഞ്ചുറിയോടെ റാവൽ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 33 ആം പൊസിഷനിലെത്തി .