Skip to content

പരമ്പരയിൽ നേടിയത് 39 സിക്സ് ; രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് ക്രിസ് ഗെയ്ൽ

ഏകദിന ക്രിക്കറ്റിലെ തിരിച്ചുവരവിൽ അവിശ്വസനീയ പ്രകടനമാണ് ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയ്ൽ കാഴ്ച്ചവെച്ചത്. പരമ്പരയിൽ രണ്ട് സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയുമടക്കം 424 റൺസ് ഗെയ്ൽ അടിച്ചുകൂട്ടി . ഇതിനൊപ്പം തന്നെ പരമ്പരയിലെ നാല് മത്സരത്തിൽ നിന്നുമായി 39 സിക്സുകൾ ഗെയ്ലിന്റെ ബാറ്റിൽ നിന്നും പിറന്നു. ആദ്യ മത്സരത്തിൽ 129 പന്തിൽ 135 റൺസ് നേടിയ ഗെയ്ൽ 12 സിക്സ് പറത്തിയപ്പോൾ 50 റൺസ് നേടിയ രണ്ടാം മത്സരത്തിൽ നാല് സിക്സും നേടി. മൂന്നാം മത്സരം ഉപേക്ഷിച്ചപ്പോൾ ഫെബ്രുവരി 27 ന് നടന്ന നാലാം മത്സരത്തിൽ വെറും 97 പന്തിൽ 162 റൺസ് നേടിയ താരം 11 ഫോറും 14 സിക്സും അടിച്ചുകൂട്ടി .

ഇന്നലെ നടന്ന മത്സരത്തിലാകട്ടെ 114 റൺസിന്റെ ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റിൻഡീസിനായി 27 പന്തിൽ 77 റൺസ് നേടിയ ഗെയ്ൽ ഒമ്പത് സിക്സുകൾ പറത്തി . ഈ പ്രകടനത്തോടെ ഒരു ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് ഗെയ്ൽ സ്വന്തമാക്കി . 2013 ൽ ഓസ്‌ട്രേലിയക്കെതിരെ 23 സിക്സ് നേടിയ രോഹിത് ശർമ്മയുടെ റെക്കോർഡാണ് ഗെയ്ൽ തകർത്തത് .

ഇംഗ്ലണ്ടിനെതിരെ 35 ഏകദിനത്തിൽ നിന്നും 84 സിക്സ് നേടിയ ക്രിസ് ഗെയ്ൽ ഇതോടെ ഏകദിനത്തിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന രോഹിത് ശർമ്മയുടെ മറ്റൊരു റെക്കോർഡ് തകർത്തു. ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിൽ 66 സിക്സ് നേടിയാണ് ഹിറ്റ്മാൻ ഈ റെക്കോർഡ് നേടിയിരുന്നത്.

ഒരു ഏകദിന പരമ്പരയിലോ ടൂർണമെന്റിലോ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന സ്വന്തം റെക്കോർഡും ഈ പരമ്പരയോടെ ഗെയ്ൽ തിരുത്തികുറിച്ചു .2015 ക്രിക്കറ്റ് ലോകകപ്പിൽ 26 സിക്സ് താരം നേടിയിരുന്നു .