Skip to content

തകർപ്പൻ സെഞ്ചുറിയുമായി ഫാഫ് ഡുപ്ലെസിസ് ; സൗത്താഫ്രിക്കയ്ക്ക് അനായാസ വിജയം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്റെ അനായാസ വിജയം. ശ്രീലങ്ക ഉയർത്തിയ 232 റൺസിന്റെ വിജയലക്ഷ്യം 38.5 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ സൗത്താഫ്രിക്ക മറികടന്നു . തകർപ്പൻ സെഞ്ചുറി നേടിയ ഫാഫ് ഡുപ്ലെസിസും ഫിഫ്റ്റി നേടിയ വിക്കറ്റ് കീപ്പർ ഡീകോക്കും ചേർന്നാണ് സൗത്താഫ്രിക്കയ്ക്ക് അനായാസ വിജയം സമ്മാനിച്ചത് . ഡുപ്ലെസിസ് 114 പന്തിൽ 112 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ഡീകോക്ക് 72 പന്തിൽ 81 റൺസ് നേടി പുറത്തായി. വാൻ ഡർ ഡുസൺ 43 പന്തിൽ 32 റൺസ് നേടി പുറത്താകാതെ നിന്നു .

നേരത്തെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ മൂന്ന് വീതം വിക്കറ്റ് നേടിയ ലുങ്കി എങ്കിടിയും ഇമ്രാൻ താഹിറും ചേർന്നാണ് കുറഞ്ഞ സ്കോറിൽ ഒതുക്കിയത് . 73 പന്തിൽ 60 റൺസ് നേടിയ കുശാൽ മെൻഡിസിനും 49 പന്തിൽ 49 റൺസ് നേടിയ ഒഷാഡ ഫെർണാണ്ടോയ്ക്കും മാത്രമേ ശ്രീലങ്കൻ നിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുവാൻ സാധിച്ചുള്ളൂ . മാർച്ച് ആറിന് സെഞ്ചൂറിണിലാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം .