Skip to content

77 പന്തിൽ 150, പറത്തിയത് 12 സിക്സ് ; റെക്കോർഡുകൾ വാരിക്കൂട്ടി ജോസ് ബട്ട്ലർ

മിന്നും പ്രകടനമാണ് വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ജോസ് ബട്ട്ലർ കാഴ്ച്ചവെച്ചത് .മത്സരത്തിൽ 77 പന്തിൽ 150 റൺസ് നേടിയ ബട്ട്ലറുടെ വെടിക്കെട്ട് ബാറ്റിങായിരുന്നു 418 എന്ന ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 88 പന്തിൽ 103 റൺസ് നേടിയ ക്യാപ്റ്റൻ മോർഗൻ ബട്ട്ലർക്ക് മികച്ച പിന്തുണ നൽകി . ഒരു ഘട്ടത്തിൽ 44 പന്തിൽ 45 മാത്രം റൺസ് നേടിയ ബട്ട്ലർ തുടർന്നുള്ള പത്ത് തുടർച്ചയായ പന്തുകളിൽ 48 റൺസ് നേടിയാണ് വെറും 60 പന്തിൽ നിന്നും സെഞ്ചുറി പൂർത്തിയാക്കിയത് .

മത്സരത്തിൽ ബട്ട്ലർ നേടിയ റെക്കോർഡുകൾ

1. ഇത് നാലാം തവണയാണ് എഴുപതോ അതിൽ കുറവോ പന്തിൽ ബട്ട്ലർ സെഞ്ചുറി നേടുന്നത്. ആറ് തവണ എഴുപതിൽ കുറവ് പന്തിൽ സെഞ്ചുറി നേടിയ മുൻ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ എബി ഡിവില്ലിയേഴ്സ് മാത്രമാണ് ബട്ട്ലർക്ക് മുൻപിലുള്ളത്. ഷാഹിദ് അഫ്രീദിയും വീരേന്ദർ സെവാഗും ഇതേ റെക്കോർഡിൽ ബട്ട്ലർക്കൊപ്പമുണ്ട് .

2. മത്സരത്തിൽ 12 സിക്സുകളാണ് ബട്ട്ലർ പറത്തിയത് . ഇതോടെ ഒരു ഏകദിന മത്സരത്തിൽ പത്തിൽ കൂടുതൽ സിക്സ് നേടുന്ന ആദ്യ ഇംഗ്ലണ്ട് ബാറ്റ്സ്മാനായി ബട്ട്ലർ മാറി. മത്സരത്തിൽ ആകെ 24 സിക്സുകൾ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ അടിച്ചുകൂട്ടി . ഇതോടെ ഒരു ഏകദിന ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്സെന്ന വെസ്റ്റിൻഡീസിന്റെ റെക്കോർഡ് ഇംഗ്ലണ്ട് തകർത്തു . പരമ്പരയിലെ ആദ്യ മത്സരത്തിലാണ് വെസ്റ്റിൻഡീസ് ഈ നേട്ടം സ്വന്തമാക്കിയത് .

3 . 76 പന്തിൽ നിന്നാണ് ബട്ട്ലർ 150 റൺസ് നേടിയത്. ഇതോടെ ഏറ്റവും വേഗത്തിൽ 150 നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന റെക്കോർഡ് ബട്ട്ലർ സ്വന്തമാക്കി . 2015 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെ 64 പന്തിൽ 150 റൺസ് നേടിയ ഡിവില്ലിയേഴ്സാണ് ഇപ്പോഴും ഈ റെക്കോർഡിൽ ഒന്നാമൻ .