Skip to content

നേരിട്ടത് 13 മണിക്കൂറിൽ 621 പന്തുകൾ ; വിവാദങ്ങളെ കാറ്റിൽ പറത്തി ബാൻക്രോഫ്റ്റ്

പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷമുള്ള തന്റെ ആദ്യ റെഡ് ബോൾ ക്രിക്കറ്റ് മത്സരത്തിൽ തന്നെ റെക്കോർഡുകൾ വാരിക്കൂട്ടി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ കാമെറോൺ ബാൻക്രോഫ്റ്റ് . ബിഗ് ബാഷ് ലീഗ് ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ ന്യൂ സൗത്ത് വെയിൽസിനെതിരായ മത്സരത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ ബാൻക്രോഫ്റ്റ് ആദ്യ ഇന്നിങ്‌സിൽ പുറത്താകാതെ 138 റൺസും രണ്ടാം ഇന്നിങ്‌സിൽ 86 ഉം റൺസ് നേടി . രണ്ട് ഇന്നിങ്‌സിൽ നിന്നുമായി 13 മണിക്കൂറോളം ബാറ്റ് ചെയ്‌ത ബാൻക്രോഫ്റ്റ് 621 പന്തുകളാണ് നേരിട്ടത് . ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇതാദ്യമായാണ് ഒരു ബാറ്റ്സ്മാൻ ഷീൽഡ് മത്സരത്തിൽ 600 ലധികം പന്തുകൾ നേരിടുന്നത് .

29 പന്തുകൾ കൂടെ നേരിടാൻ സാധിച്ചിരുന്നുവെങ്കിൽ 1996 ൽ ന്യൂ സൗത്ത് വെയിൽസിന് വേണ്ടി ബാറ്റ് ചെയ്‌ത് 649 പന്തുകൾ നേരിട്ട മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ യുടെ റെക്കോർഡ് ബാൻക്രോഫ്റ്റിന് മറികടക്കാൻ സാധിക്കുമായിരുന്നു എന്നിരുന്നാലും ഷീൽഡ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിടുന്ന നാലാമത്തെ ബാറ്റ്സ്മാനെന്ന സ്വന്തം റെക്കോർഡ് ബാൻക്രോഫ്റ്റ് തിരുത്തികുറിച്ചു .കൂടുതൽ ഷെഫീൽഡ് ഷീൽഡ് ക്രിക്കറ്റിൽ രണ്ടിൽ കൂടുതൽ തവണ 550 പന്തുകൾ നേരിടുന്ന ആദ്യ ബാറ്റ്സ്മാനായി ബാൻക്രോഫ്റ്റ് മാറി.

കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെയാണ് പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് നേരിട്ട ഒമ്പത് മാസത്തെ സസ്‌പെൻഷൻ അവസാനിച്ചത് . ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിന് ശേഷം ഡർഹത്തിന് വേണ്ടി കളിക്കാനായി ബാൻക്രോഫ്റ്റ് ഇംഗ്ലണ്ടിലേക്ക് പറക്കും . അവിടെയും മികച്ച പ്രകടനം പുറത്തെടുത്ത് ആഷസ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ബാൻക്രോഫ്റ്റ് .