Skip to content

ഓസ്‌ട്രേലിയൻ പര്യടനത്തിലെ മികച്ച വിക്കറ്റ് കീപ്പിങ്ങിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി റിഷാബ് പന്ത്

ഓസ്‌ട്രേലിയൻ പര്യടനത്തിലെ മികച്ച വിക്കറ്റ് കീപ്പിങ് പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ ടെസ്റ്റ് വിക്കറ്റ് കീപ്പർ റിഷാബ് പന്ത് . ഇംഗ്ലണ്ട് പര്യടനത്തിലെ മോശം വിക്കറ്റ് കീപ്പിങ് പ്രകടനത്തെ തുടർന്ന് നിരവധി വിമർശനങ്ങൾ ആരാധകരിൽ നിന്നും മുൻതാരങ്ങളിൽ നിന്നും പന്ത് നേരിട്ടിരുന്നു . എന്നാൽ അതിനെയെല്ലാം മറികടന്ന് തകർപ്പൻ തിരിച്ചുവരവാണ് വിക്കറ്റ് കീപ്പറെന്ന നിലയിൽ താരം ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കാഴ്ച്ചവെച്ചത് . പരമ്പരയിൽ 20 ക്യാച്ചുകളാണ് പന്ത് നേടിയത് കൂടാതെ അഡ്ലെയ്‌ഡിൽ നേടിയ പതിനൊന്ന് ക്യാച്ചുകളോടെ ലോകറെക്കോർഡിനൊപ്പവും താരമെത്തിയിരുന്നു.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ മികച്ച വിക്കറ്റ് കീപ്പിങ് പ്രകടനത്തിന് മുൻ ഇന്ത്യൻ താരം കിരൺ മോറെയ്ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് റിഷാബ് പന്ത് . ഇംഗ്ലണ്ടിലെ മോശം പ്രകടനത്തിന് ശേഷം കിരൺ മോറെയ്ക്കൊപ്പം പരിശീലനം നടത്തിയെന്നും എല്ലാ വിക്കറ്റ് കീപ്പർമാർക്കും വ്യത്യസ്തമായ മൂവ്‌മെന്റ് ആയിരിക്കുമെന്നും അത് മനസിലാക്കാൻ പരിശീലനത്തിലൂടെ സാധിച്ചുവെന്നും റിഷാബ് പന്ത് വ്യക്തമാക്കി .

ഓസ്‌ട്രേലിയക്കെതിരായ ഏകദിനപരമ്പരയോടെ ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ പന്ത് ലോകകപ്പിനുള്ള ടീമിലും സ്ഥാനം നേടാനുള്ള തയ്യാറെടുപ്പിലാണ് .