Skip to content

ഇത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് ; കുശാൽ പെരേര നേടിക്കൊടുത്തത് അവിശ്വസനീയ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്ക് ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയം .കുശാൽ പെരേരയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ മികവിലാണ് ചരിത്രവിജയം സന്ദർശകരായ ശ്രീലങ്കനേടിയെടുത്തത്. രണ്ടാം ഇന്നിങ്‌സിൽ 304 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ 110 ന് അഞ്ച് എന്ന നിലയിൽ തകർന്നടിഞ്ഞ ശ്രീലങ്കയെ 200 പന്തിൽ നിന്നും 153 റൺസ് നേടി കുശാൽ പെരേര വിജയത്തിലെത്തിക്കുകയായിരുന്നു. അവസാന വിക്കറ്റിൽ വിശ്വ ഫെർണാണ്ടോയ്ക്കൊപ്പം ചേർന്ന് 78 റൺസാണ് കുശാൽ പെരേര കൂട്ടിച്ചേർത്തത് . ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ വിജയകരമായ റൺചേസിലെ ഏറ്റവും ഉയർന്ന അവസാന വിക്കറ്റ് കൂട്ടുകെട്ടാണിത് . 48 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയും പെരേരയ്ക്ക് മികച്ച പിന്തുണ നൽകി .

സൗത്താഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ് മൂന്നും ഡെയ്ൽ സ്റ്റെയ്ൻ, ഒലിവർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി . നേരത്തെ 44 റൺസിന്റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ സൗത്താഫ്രിക്ക 259 റൺസിന് ഓൾ ഔട്ടായിരുന്നു . കുശാൽ പെരേരയാണ് മാൻ ഓഫ് ദി മാച്ച് . ഫെബ്രുവരി 21 ന് പോർട്ട് എലിസബത്തിലാണ് പരമ്പരയിലെ അവസാന മത്സരം .