Skip to content

മുന്നൂറ് ടി20 മത്സരങ്ങൾ ചരിത്രനേട്ടം സ്വന്തമാക്കി എം എസ് ധോണി

ക്രിക്കറ്റ് കരിയറിൽ മറ്റൊരു നാഴികക്കല്ല് സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണി . ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തോടെ ടി20 ഫോർമാറ്റിൽ 300 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യയ്ക്കാരനെന്ന ചരിത്രറെക്കോർഡ് റാഞ്ചിക്കാരൻ സ്വന്തം പേരിലാക്കി . ലോകത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന പത്രണ്ടാമത്തെ കളിക്കാരൻ കൂടിയാണ് ധോണി. 300 മത്സരത്തിൽ നിന്നും 38.57 ശരാശരിയിൽ 6134 റൺസ് നേടിയ ധോണി 24 ഫിഫ്റ്റിയും നേടിയിട്ടുണ്ട് .

300 മത്സരങ്ങളിൽ 169 മത്സരവും ചെന്നൈ സൂപ്പർ കിങ്‌സിന് വേണ്ടിയാണ് ധോണി കളിച്ചത്. (അതിൽ 145 മത്സരങ്ങൾ ഇന്ത്യൻ പ്രീമിയർ ലീഗിലും മറ്റ് 24 മത്സരങ്ങൾ ചാമ്പ്യൻസ് ലീഗിലും ) ഇന്ത്യയ്ക്കായി 96 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച ധോണി റൈസിങ് പുണെ സൂപ്പർജയന്റ്സിനായി 30 മത്സരങ്ങൾ കളിച്ചിട്ടുണ്ട് . കൂടാതെ ട്വന്റി20 ടൂർണമെന്റിൽ ജാർഖണ്ഡിനായി നാലും ഇന്ത്യയ്ക്കായി ഒരു പരിശീലനമത്സരവും ധോണി കളിച്ചിരുന്നു (ഇംഗ്ലണ്ട് ടൂർ 2011).

പരമ്പരയിലെ മൂന്നാം മത്സരമടക്കം 298 മത്സരങ്ങൾ കളിച്ച രോഹിത് ശർമ്മയാണ് ധോണിയ്ക്ക് തൊട്ടുപുറകിലുള്ളത് . 296 മത്സരങ്ങൾ കളിച്ച സുരേഷ് റെയ്‌ന, 260 മത്സരങ്ങൾ കളിച്ച ദിനേശ് കാർത്തിക് എന്നിവരാണ് ഇരുവർക്കും പുറകിലുള്ളത് .

446 മത്സരങ്ങൾ കളിച്ച വെസ്റ്റിൻഡീസ് ഓൾറൗണ്ടർ കീറോൻ പൊള്ളാർഡാണ് ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച പ്ലേയർ . 29.97 ശരാശരിയിൽ 8753 റൺസ് നേടിയ പൊള്ളാർഡ് 43 ഫിഫ്റ്റിയും ഇതേ ഫോർമാറ്റിൽ നിന്നും നേടിയിട്ടുണ്ട് .