Skip to content

ആവേശപോരാട്ടത്തിനൊടുവിൽ കിവികൾക്ക് വിജയം ഒപ്പം പരമ്പരയും

ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ ആതിഥേയരായ ന്യൂസിലാൻഡിന് നാല് റൺസിന്റെ ആവേശകരമായ വിജയം. വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ന്യൂസിലാൻഡ് സ്വന്തമാക്കി . ന്യൂസിലാൻഡ് ഉയർത്തിയ 213 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 208 റൺസ് നേടാനെ സാധിച്ചുള്ളൂ . 16 പന്തിൽ 33 റൺസ് നേടിയ ദിനേശ് കാർത്തിക്കും 13 പന്തിൽ 26 റൺസ് നേടിയ ക്രൂനാൽ പാണ്ഡ്യയും അവസാനനിമിഷം വരെ പോരാടിയെങ്കിലും ആ ചരിത്രവിജയത്തിന് നാല് റൺസ് അകലെ ഇന്ത്യ വീഴുകയായിരുന്നു .

തുടക്കത്തിൽ തന്നെ ശിഖാർ ധവാനെ നഷ്ട്ടപെട്ടെങ്കിലും ഒരുഭാഗത്ത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ സാക്ഷിയാക്കി വിജയ് ശങ്കറും റിഷാബ് പന്തും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർ അതിവേഗം നീങ്ങി . വിജയ് ശങ്കർ 28 പന്തിൽ 43 റൺസ് നേടി പുറത്തായപ്പോൾ റിഷാബ് പന്ത് 12 പന്തിൽ 28 റൺസ് നേടി. ഹർദിക് പാണ്ഡ്യ 11 പന്തിൽ 21 റൺസ് നേടി പുറത്തായപ്പോൾ രണ്ട് റൺ നേടാൻ മാത്രമേ ധോണിയ്ക്ക് സാധിച്ചുള്ളൂ . ക്യാപ്റ്റൻ രോഹിത് ശർമ്മ 32 പന്തിൽ 38 റൺസ് നേടി പുറത്തായി .

കിവികൾക്ക് വേണ്ടി മിച്ചൽ സാന്റ്‌നർ, ഡാരിൽ മിച്ചൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി . നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെ 40 പന്തിൽ 72 റൺസ് നേടിയ കോളിൻ മൺറോ, 25 പന്തിൽ 43 റൺസ് നേടിയ സെയ്ഫെർട്ട് എന്നിവരാണ് മികച്ച സ്കോറിൽ എത്തിച്ചത് . കോളിൻ മൺറോയാണ് മാൻ ഓഫ് ദി മാച്ച് . ആദ്യ മത്സരത്തിലും നിർണായകമായ അവസാന മത്സരത്തിലും തിളങ്ങിയ സെയ്‌ഫെർട്ടാണ് മാൻ ഓഫ് ദി സീരീസ് .