Skip to content

എം എസ് ധോണിയുടെ റെക്കോർഡിനൊപ്പം രോഹിത് ശർമ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെ മറ്റൊരു റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ . മത്സരത്തിൽ 62 റൺസ് നേടിയ രോഹിത് ശർമ മൂന്ന് ഫോറും രണ്ട് സിക്സും നേടിയിരുന്നു. ഇതോടെ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും വിക്കറ്റ്കീപ്പറും കൂടിയായ എം എസ് ധോണിയ്ക്കൊപ്പം രോഹിത് ശർമയെത്തി . ഇരുവരും ഇന്ത്യക്കായി 215 സിക്സ് ഇതുവരെ നേടിയിട്ടുണ്ട്. 285 ഇന്നിങ്‌സിൽ നിന്നുമാണ് ധോണി 215 സിക്സ് നേടിയതെങ്കിൽ വെറും 193 ഇന്നിങ്‌സിൽ നിന്നുമാണ് ഹിറ്റ്മാൻ ധോണിയ്ക്കൊപ്പം എത്തിയത്.

ഏഷ്യ ഇലവന് വേണ്ടി നേടിയ ഏഴ് സിക്സ് ഉൾപ്പെടെ 222 സിക്സ് ഏകദിനത്തിൽ ധോണി നേടിയിട്ടുണ്ട് . അതിനാൽ തന്നെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് ഇപ്പോഴും ധോണിയുടെ പേരിലാണ് . 195 സിക്സ് നേടിയ സച്ചിൻ ടെണ്ടുൽക്കർ, 189 സിക്സ് നേടിയ സൗരവ് ഗാംഗുലി, 153 സിക്സ് നേടിയ യുവരാജ് സിങ് എന്നിവരാണ് ധോണിയ്ക്കും രോഹിത് ശർമ്മയ്ക്കും പുറകിലുള്ളവർ . 2018 ൽ 19 മത്സരങ്ങളിൽ നിന്നും 1030 റൺസ് നേടിയ രോഹിത് ശർമ 2019 ലും തകർപ്പൻ ഫോം2 തുടരുകയാണ് .

ഏകദിനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സ് നേടിയവർ

1. എം എസ് ധോണി – 215

2. രോഹിത് ശർമ – 215

3. സച്ചിൻ ടെണ്ടുൽക്കർ – 195

4. സൗരവ് ഗാംഗുലി -189

5. യുവരാജ് സിങ് – 153

6. വീരേന്ദർ സെവാഗ് – 134

7. സുരേഷ് റെയ്‌ന – 120

8. വിരാട് കോഹ്ലി – 114

9. അജയ് ജഡേജ – 85

10. മൊഹമ്മദ് അസ്റുദീൻ – 77