Skip to content

വിവാദങ്ങൾ ഹർദിക് പാണ്ഡ്യയെ ഉയരങ്ങളിലെത്തിക്കും ; വിരാട് കോഹ്ലി

വിവാദങ്ങൾ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ കൂടുതൽ മെച്ചപ്പെട്ട ക്രിക്കറ്ററാക്കി മാറ്റുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . പ്രമുഖ ടെലിവിഷൻ ഷോയിലെ മോശം പരാമർശങ്ങളെ തുടർന്ന് സാഹതാരം ലോകേഷ് രാഹുലിനൊപ്പം സസ്‌പെൻഷൻ നേരിട്ട ഹർദിക് പാണ്ഡ്യ തന്റെ തിരിച്ചുവരവ് മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു കിവികൾക്കെതിരെ പുറത്തെടുത്തത്. മത്സരത്തിൽ ബാറ്റ് ചെയ്യുവാൻ അവസരം ലഭിച്ചില്ലെങ്കിലും പത്തോവറിൽ 45 റൺസ് വഴങ്ങി രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ പാണ്ഡ്യ കിവി ക്യാപ്റ്റൻ കെയ്ൻ വില്യംസണെ പുറത്താക്കാൻ തകർപ്പൻ ക്യാച്ച് നേടിയിരുന്നു .

” ജീവിതത്തിൽ അത്തരത്തിലൊരു സാഹചര്യം കൈകാര്യം ചെയ്യാൻ രണ്ടു വഴികൾ മാത്രമേയുള്ളൂ . ഒന്ന് പൂർണ്ണമായ പരാജയം സമ്മതിക്കുക, അല്ലെങ്കിൽ ആ സംഭവത്തിൽ നിന്നും അറിവ് നേടി തെറ്റ് മനസിലാക്കുക. ഒരു ക്രിക്കറ്റർക്ക് ക്രിക്കറ്റിനേക്കാൾ പ്രിയപ്പെട്ടതായി ഒന്നുമില്ല . നിങ്ങൾ അതിനെ ബഹുമാനിച്ചാൽ അത് തിരിച്ചും ബഹുമാനിക്കും . ” കിവികൾക്കെതിരായ ഏഴ് വിക്കറ്റിന്റെ വിജയത്തിന് ശേഷം കോഹ്ലി പറഞ്ഞു.

” അത്തരം സാഹചര്യത്തിൽ അധികമായി നിങ്ങൾ ഒന്നും ചെയ്യേണ്ട . പോസിറ്റീവായി അത്തരം സാഹചര്യം നേരിടുന്നവർ ഉയരങ്ങളിൽ എത്തും . കഴിഞ്ഞ കാലങ്ങളിൽ പല ക്രിക്കറ്റർമാരിലും നമ്മളത് കണ്ടിട്ടുള്ളതാണ് . അവൻ ശരിയായ വഴിയിൽ പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു . മെച്ചപെട്ട ക്രിക്കറ്ററായി അവൻ മാറും . എനിക്ക് തോന്നുന്നു അവനത് ചെയ്യുവാൻ സാധിക്കും . ” ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു ..