Skip to content

സിക്സടിയിൽ ഇനി മുന്നിൽ രോഹിത് ശർമ ; മറികടന്നത് ഗെയ്‌ലിനെയും അഫ്രീദിയെയും

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും മികച്ച പ്രകടനമാണ് രോഹിത് ശർമ കാഴ്ച്ചവെച്ചത്. സെഞ്ചുറിയോ ഫിഫ്റ്റിയോ നേടാൻ സാധിച്ചില്ലെങ്കിലും 52 പന്തിൽ 43 റൺസ് നേടി മികച്ച പിന്തുണനൽകാൻ ഹിറ്റ്മാന് സാധിച്ചു . മത്സരത്തിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെയും ഫിഫ്റ്റി നേടിയ ധോണിയും ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടികൊടുത്തു . താരമാകാൻ സാധിച്ചില്ലെങ്കിലും മത്സരത്തിൽ നേടിയ രണ്ട് സിക്സുകളോടെ ഇപ്പോൾ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ . സെഞ്ചുറി നേടിയ ആദ്യ മത്സരത്തിൽ ആറ് സിക്സുകൾ രോഹിത് ശർമ നേടിയിരുന്നു . ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശർമ നേടിയ സിക്സുകളുടെ എണ്ണം 89 ആയി ഉയർന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ബാറ്റ്സ്മാനായി രോഹിത് ശർമ മാറി.

ഇംഗ്ലണ്ടിനെതിരെ 61 മത്സരത്തിൽ 88 സിക്സ് നേടിയ ക്രിസ് ഗെയ്ൽ, ശ്രീലങ്കയ്ക്കെതിരെ 93 മത്സരത്തിൽ നിന്നും 86 സിക്സ് നേടിയ ഷാഹിദ് അഫ്രീദി എന്നിവരെയാണ് ഈ നേട്ടത്തിൽ രോഹിത് ശർമ്മ മറികടന്നത് .