Skip to content

ബിസിനസ് ക്ലാസ് സീറ്റ് ഫാസ്റ്റ് ബൗളർമാർക്ക് കൈമാറി കോഹ്ലിയും അനുഷ്‌കയും ; കയ്യടിച്ച് ആരാധകർ

തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ നേടിയത്. ഈ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയിൽ നിരവധി നേട്ടങ്ങളാണ് വിരാട് കോഹ്ലി സ്വന്തമാക്കിയത് . ഇപ്പോൾ പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപേ കയ്യടിനേടിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഒപ്പം ഭാര്യ അനുഷ്‌ക ശർമയും . പരമ്പരയിലെ രണ്ടാം മത്സരത്തിനായി അഡ്ലെയ്ഡിൽ നിന്നും പെർത്തിലേക്ക് തിരിക്കവെ ടീമിലെ ഫാസ്റ്റ് ബൗളർമാർക്ക് കൂടുതൽ വിശ്രമം ലഭിക്കുന്നതിനായി തങ്ങളുടെ ബിസിനസ് ക്ലാസ് സീറ്റുകൾ വിട്ടുനൽകിയിരിക്കുകയാണ് കോഹ്ലിയും അനുഷ്‌കയും . ആദ്യ മത്സരത്തിലെ വിജയത്തിൽ നിർണായക പങ്കാണ് ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർ വഹിച്ചത് . വിമാനത്തിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്ന മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോഗനാണ് ഇക്കാര്യം പുറത്തുവിട്ടത് . ഓസ്‌ട്രേലിയക്ക് ഇതൊരു അപകടസൂചനയെന്ന് കുറിച്ചുകൊണ്ടാണ് ട്വിറ്ററിൽ വോഗൻ ഇക്കാര്യം പങ്ക് വെച്ചത് .

നേരത്തെ ബൗളർമാർക്ക് വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായി നെറ്റ്സിലെ പരിശീലനത്തിൽ നിന്നും അവരെ ഒഴിവാക്കുമെന്ന് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി സൂചിപ്പിച്ചിരുന്നു .