Skip to content

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഡേവിഡ് വാർണർ

ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ അവസാന മത്സരത്തിനായി ഒരുങ്ങവെ ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. മറ്റന്നാൾ സിഡ്നിയിൽ നടക്കുന്ന മത്സരത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണ് വാർണർ ഇതിനിടെയാണ് ഏകദിനത്തിലും താൻ തുടരുകയില്ലെന്ന് വാർണർ വ്യക്തമാക്കിയത്.

രണ്ട് ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതോടെ കൂടുതൽ ടി20 ലീഗുകളിൽ വാർണർ സാന്നിധ്യം അറിയിക്കും. യു എ ഇയുടെ ടി20 ലീഗിൽ ദുബായ് ക്യാപിറ്റൽസിൻ്റെ ക്യാപ്റ്റൻ കൂടിയാണ് ഡേവിഡ് വാർണർ. ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച ഓൾ ഫോർമാറ്റ് പ്ലേയറാണ് വാർണർ.

ഏകദിന ലോകകപ്പ് വിജയം വലിയൊരു നേട്ടം തന്നെയായിരുന്നുവെന്നും ഇനി ടീം പുതിയ താരങ്ങളെ കണ്ടെത്തി മുൻപോട്ട് പോകേണ്ടതുണ്ടെന്നും വാർണർ പറഞ്ഞു. 2025 ചാമ്പ്യൻസ് ട്രോഫിയിൽ തിരിച്ചെത്തുന്നതിൻ്റെ സാധ്യതകളും വാർണർ തള്ളി കളഞ്ഞില്ല. താൻ അപ്പോഴും മികച്ച ഫോമിലാണെങ്കിൽ ടീമിന് തന്നെ ആവശ്യമെങ്കിൽ തീർച്ചയായും തിരിച്ചെത്തുമെന്ന് വാർണർ പറഞ്ഞു.