Skip to content

ഇനിയാണ് അവൻ്റെ കഴിവ് കാണാൻ പോകുന്നത് !! ബാബറിനെ കുറിച്ച് ഗൗതം ഗംഭീർ

പാകിസ്ഥാൻ താരം ബാബർ അസമിൻ്റെ കഴിവ് ഇനിയാണ് ലോകം കാണാൻ പോകുന്നതെന്ന് ഗൗതം ഗംഭീർ. ഐസിസി ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പുറകെ മൂന്ന് ഫോർമാറ്റിൽ നിന്നും പാകിസ്ഥാൻ്റെ ക്യാപ്റ്റൻ സ്ഥാനം ബാബർ അസം ഒഴിഞ്ഞിരുന്നു.

ക്യാപ്റ്റൻ സ്ഥാനമെന്ന സമ്മർദ്ദം ഒഴിഞ്ഞതിനാൽ തന്നെ ഇനിയായിരിക്കും യഥാർത്ഥ ബാബറിനെ കാണാൻ പോകുന്നതെന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗംഭീർ പറഞ്ഞു.

” ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതും ഏറ്റെടുക്കുന്നതും വ്യക്തിപരമായ തീരുമാനമാണ്. ബാബർ അസം ഇപ്പൊഴും മികച്ച ക്യാപ്റ്റനാണ്. അവൻ്റെ കഴിവ് ഇനിയായിരിക്കും നമ്മൾ കാണാൻ പോകുന്നത്. പാകിസ്ഥാനിൽ എല്ലാ പ്രശംസയും വിമർശനവും ഏറ്റുവാങ്ങുന്നത് ബാബർ അസമാണ്. ഇന്ത്യയിലും ഏറെകുറെ അങ്ങനെയാണ് പക്ഷേ പാകിസ്ഥാനിലെ പോലെയല്ല എന്നുമാത്രം. ”

” ബാബർ എന്ന ബാറ്റ്സ്മാനിൽ യാതൊരു ചോദ്യവും ഉയർന്നിട്ടില്ല. അതെല്ലാം അവനിലെ ക്യാപ്റ്റൻസിയിലായിരുന്നു. ഇപ്പോൾ അവൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. ഇനി അവൻ്റെ ബാറ്റിങിലെ മറ്റൊരു തലം നമുക്ക് കാണാൻ സാധിക്കും. ഇപ്പോൾ തന്നെ അവൻ അവരുടെ ഏറ്റവും മികച്ച ബാറ്റ്സമാന്മാരിൽ ഒരാളാണ്. പാകിസ്ഥാൻ്റെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻ ആയിട്ടായിരിക്കും അവൻ കരിയർ അവസാനിപ്പിക്കുക. ” ഗംഭീർ പറഞ്ഞു.