Skip to content

തകർപ്പൻ സെഞ്ചുറിയുമായി സൂര്യകുമാർ യാദവ് !! ഇന്ത്യയ്ക്ക് മികച്ച സ്കോർ

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. താരത്തിൻ്റെ സെഞ്ചുറി മികവിൽ മികച്ച സ്കോർ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കുറിച്ചു.

55 പന്തിൽ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് 56 പന്തിൽ 7 ഫോറും 8 സിക്സും ഉൾപ്പടെ 100 റൺസ് നേടിയാണ് പുറത്തായത്. താരത്തിൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് ഇന്ത്യ അടിച്ചുകൂട്ടി.

41 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പടെ 60 റൺസ് നേടിയ യശസ്വി ജയ്സ്വാളാണ് സൂര്യകുമാർ യാദവിനെ കൂടാതെ ഇന്ത്യയ്ക്കായി തിളങ്ങിയത്. ശുഭ്മാൻ ഗിൽ 6 പന്തിൽ 12 റൺസ് നേടി പുറത്തായപ്പോൾ തിലക് വർമ്മ ഗോൾഡൻ ഡക്കായി. റിങ്കു സിങ് 10 പന്തിൽ 14 റൺസ് നേടി പുറത്തായി.

പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോൾ കഴിഞ്ഞ മത്സരത്തിൽ സൗത്താഫ്രിക്ക വിജയം നേടിയിരുന്നു. പരമ്പര കൈവിടാതിരിക്കാൻ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.