Skip to content

വീണ്ടും സെഞ്ചുറി !! രോഹിത് ശർമ്മയ്ക്കും മാക്സ്വെല്ലിനും ഒപ്പമെത്തി സൂര്യകുമാർ യാദവ്

തകർപ്പൻ സെഞ്ചുറിയാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നേടിയത്. സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തിയായിരുന്നു സൂര്യയുടെ ഈ സെഞ്ചുറി. മത്സരത്തിലെ സെഞ്ചുറിയോടെ തകർപ്പൻ റെക്കോർഡിൽ രോഹിത് ശർമ്മയ്ക്കും ഗ്ലെൻ മാക്സ്വെല്ലിനും ഒപ്പമെത്തിയിരിക്കുകയാണ് താരം.

മത്സരത്തിൽ വെറും 55 പന്തിൽ നിന്നുമാണ് സൂര്യകുമാർ യാദവ് സെഞ്ചുറി പൂർത്തിയാക്കിയത്. 7 ഫോറും 8 സിക്സും സൂര്യകുമാർ യാദവ് അടിച്ചുകൂട്ടി. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ നാലാം സെഞ്ചുറിയാണ് സൂര്യകുമാർ യാദവ് നേടിയത്.

ഇതോടെ ഈ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയവരുടെ പട്ടികയിൽ രോഹിത് ശർമ്മ, ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ എന്നിവർക്കൊപ്പം സൂര്യകുമാർ യാദവ് എത്തി. വെറും 57 ഇന്നിങ്സ് കളിച്ചുകൊണ്ടാണ് നാല് സെഞ്ചുറി സൂര്യകുമാർ യാദവ് നേടിയിരിക്കുന്നത്. മറുഭാഗത്ത് ഗ്ലെൻ മാക്സ്വെൽ 92 ഇന്നിംങ്സും രോഹിത് ശർമ്മ 140 ഇന്നിങ്സും കളിച്ചിട്ടുണ്ട്.

സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിനൊപ്പം 41 പന്തിൽ 61 റൺസ് നേടിയ യശസ്വി ജയ്സ്വാളും ഇന്ത്യയ്ക്കായി മികവ് പുലർത്തി. ഇരുവരുടെയും മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് ഇന്ത്യ നേടി.