Skip to content

ആ നിമിഷം ഞാൻ ആകെ പരിഭ്രാന്തനായി ; മൊഹമ്മദ് ഷാമി

ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ്റെ ക്യാച്ച് വിട്ടതിന് പുറകെ താനാകെ സമ്മർദ്ദത്തിലായിരുന്നുവെന്ന് ഇന്ത്യൻ പേസർ മൊഹമ്മദ് ഷാമി. സെമിയിൽ ഷാമിയുടെ മികവിലായിരുന്നു അതിഗംഭീര വിജയം ഇന്ത്യ കുറിച്ചത്.

9.5 ഓവറിൽ 57 റൺസ് മാത്രം വഴങ്ങി ഏഴ് വിക്കറ്റുകൾ അന്ന് ഷാമി വീഴ്ത്തിയിരുന്നു. വിക്കറ്റുകൾ പിഴുതെറിയും മുൻപ് ന്യൂസിലൻഡ് ഇന്നിങ്സിലെ 29 ആം ഓവറിൽ കെയ്ൻ വില്യംസൻ്റെ അനായാസ ക്യാച്ച് ഷാമി വിട്ടിരുന്നു. പിന്നീട് 33 ആം ഓവറിൽ ഷാമി തന്നെ വില്യംസൻ്റെ വിക്കറ്റ് എടുക്കുകയും ചെയ്തു.

” ആ ക്യാച്ച് വിട്ട ശേഷം കാര്യങ്ങൾ എല്ലാം മാറി, അത്തരത്തിൽ ഒരു ക്യാച്ച് ഞാൻ ഡ്രോപ്പ് ആക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. എന്തുവില കൊടുത്തും അവനെ ഇനി പുറത്താക്കണമെന്ന് ഞാൻ തീരുമാനിച്ചു. അതിന് ശേഷം ഞാനാകെ സമ്മർദ്ദത്തിലായിരുന്നു. പന്തെറിയാനായി എത്തുമ്പോൾ ഒന്നില്ലെങ്കിൽ അവൻ മൂന്ന് സിക്സ് പറത്തും അല്ലെങ്കിൽ ഞാൻ പുറത്താക്കും എന്ന് മാത്രമായിരുന്നു എൻ്റെ ചിന്ത. ” മൊഹമ്മദ് ഷാമി പറഞ്ഞു.

ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്നുമായി 24 വിക്കറ്റ് മൊഹമ്മദ് ഷാമി നേടിയിരുന്നു. ലോകകപ്പിലെ ടോപ് വിക്കറ്റ് ടേക്കർ കൂടിയായിരുന്നു ഷാമി.