Skip to content

1935 ന് ശേഷം ഇതാദ്യം !! അപൂർവ്വ നേട്ടം കരസ്ഥമാക്കി ഇന്ത്യൻ വനിതകൾ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലെ ആദ്യ ദിനത്തിൽ അതിഗംഭീര പ്രകടനമാണ് ഇന്ത്യൻ വനിതകൾ കാഴ്ച്ചവെച്ചത്. മധ്യനിര തിളങ്ങിയപ്പോൾ പടുകൂറ്റൻ സ്കോറിലേക്ക് ഇന്ത്യ കുതിച്ചു. ഇതോടെ വനിതാ ക്രിക്കറ്റിൽ ഒരു അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ.

ആദ്യ ദിനം അവസാനിക്കുമ്പോൾ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 410 റൺസ് നേടിയിട്ടുണ്ട്. വനിതാ ടെസ്റ്റ് ക്രിക്കറ്റ് ഇത് രണ്ടാം തവണ മാത്രമാണ് ആദ്യ ദിനത്തിൽ ഒരു ടീം 400 റൺസ് കടക്കുന്നത്.

88 വർഷം മുൻപ് 1935 ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടാണ് ആദ്യ ദിനം 400 ലധികം റൺസ് നേടിയിട്ടുള്ളത്. ആ മത്സരത്തിൽ ആദ്യ ദിനം 431 റൺസ് ഇംഗ്ലണ്ട് നേടിയിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ 60 റൺസ് നേടിയ ദീപ്തി ശർമ്മയും 4 റൺസ് നേടിയ പൂജ വസ്ത്രകറുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

സ്മൃതി മന്ദാനയും ഷഫാലിയും തിളങ്ങിയില്ലയെങ്കിലും മധ്യനിര ഗംഭീര പ്രകടനം കാഴ്ച്ചവെച്ചതാണ് ഇന്ത്യയ്ക്ക് തുണയായത്. ശുഭ സതീഷ് 69 റൺസും ജെമിമ റോഡ്രിഗസ് 68 റൺസും യാസ്തിക ഭാട്ടിയ 66 റൺസും ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 49 റൺസും നേടി മികവ് പുലർത്തി.