Skip to content

ക്യാപ്റ്റൻസിയിൽ മാറ്റം !! പുതിയ പ്രഖ്യാപനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ഐ പി എൽ താരലേലത്തിന് ഏതാനും ദിവസം മാത്രം ശേഷിക്കെ സുപ്രധാന പ്രഖ്യാപനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ സീസണിൽ നിതീഷ് റാണയായിരുന്നു ടീമിനെ നയിച്ചത് എന്നാൽ അടുത്ത സീസണിൽ ശ്രേയസ് അയ്യരായിരിക്കും ടീമിൻ്റെ ക്യാപ്റ്റൻ.

കഴിഞ്ഞ സീസണിൽ ശ്രേയസ് അയ്യർക്ക് പരിക്ക് പറ്റിയതോടെയാണ് നിതീഷ് റാണയെ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചത്. ഗംഭീർ എത്തിയതോടെ റാണ ക്യാപ്റ്റൻ സ്ഥാനം നിലനിർത്തുമെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ സൂപ്പർതാരം അയ്യർ തന്നെ ടീമിനെ നയിക്കുമെന്നാണ് ഔദ്യോഗികമായി ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

2018 ന് ശേഷം കഴിഞ്ഞ അഞ്ച് സീസണിൽ ഒരിക്കൽ മാത്രമാണ് കൊൽക്കത്ത പ്ലേയോഫിൽ പ്രവേശിച്ചത്. കഴിഞ്ഞ രണ്ട് സീസണുകളിൽ ഏഴാം സ്ഥാനക്കാരായാണ് ടീം ഫിനിഷ് ചെയ്തത്.

താരലേലത്തിന് മുൻപായി ആന്ദ്രെ റസൽ, അനുകുൽ റോയ്, ഹർഷിത് റാണ, ജേസൺ റോയ്, നിതീഷ് റാണ, റഹ്മാനുള്ള ഗുർബാസ്, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, സുനിൽ നരെയ്ൻ, സുയാഷ് ശർമ്മ, വൈഭവ് അറോറ, വരുൺ ചക്രവർത്തി, വെങ്കിടേഷ് അയ്യർ എന്നിവരെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്തിയിട്ടുള്ളത്.