Skip to content

കളിക്കളത്തിൽ വാക്കേറ്റം !! റാസയ്ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡ് താരങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട സിംബാംബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസയ്ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി.

ആദ്യ മത്സരത്തിനിടെ ജോഷ് ലിറ്റിൽ, കർട്ടിസ് കാംഫർ എന്നിവരുമായാണ് റാസ വാക്കേറ്റത്തിൽ ഏർപ്പെട്ടത്. റാസയ്ക്കൊപ്പം ഇവർക്കെതിരെയും ഐസിസി നടപടി സ്വീകരിച്ചിട്ടുണ്ട്. ഐസിസിയുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് മത്സരങ്ങളിൽ നിന്നും റാസയെ ഐസിസി വിലക്കി. കൂടാതെ മാച്ച് ഫീയുടെ 50 ശതമാനം റാസ പിഴശിക്ഷയായി നൽകണം.

അയർലൻഡ് താരങ്ങൾക്ക് മാച്ച് ഫീയുടെ 15% പിഴശിക്ഷയാണ് ഐസിസി വിധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിൽ 4 ഡീമെറിറ്റ് പോയിൻ്റ് ആയതിനെ തുടർന്നാണ് റാസയ്ക്കെതിരെ മാത്രം കടുത്ത നടപടിയിലേക്ക് ഐസിസി എത്തിയത്.

മത്സരത്തിൽ മൂന്ന് വിക്കറ്റും ഫിഫ്റ്റിയും നേടിയ റാസയുടെ മികവിൽ അവസാന പന്തിൽ ഒരു വിക്കറ്റിൻ്റെ ആവേശ വിജയം സിംബാംബ്വെ നേടിയിരുന്നു. എന്നാൽ പരമ്പരയിലെ ഇനിയുള്ള രണ്ട് മത്സരങ്ങളിലും റാസയ്ക്ക് കളിക്കുവാനാകില്ല.