Skip to content

ഓസ്ട്രേലിയൻ ക്രിക്കറ്റിൽ തമ്മിലടി !! വാർണർക്കെതിരെ രംഗത്തെത്തി മിച്ചൽ ജോൺസൻ

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് ഓസ്ട്രേലിയൻ ക്രിക്കറ്റിൽ തമ്മിലടി. ഡേവിഡ് വാർണർക്കെതിരായ മുൻ പേസർ മിച്ചൽ ജോൺസൻ്റെ പ്രസ്താവനയാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് വാർണർ വ്യക്തമാക്കിയിരുന്നു. മറ്റു ഫോർമാറ്റുകളിൽ മികച്ച പ്രകടനമാണ് തുടരുന്നതെങ്കിലും ടെസ്റ്റിൽ കഴിഞ്ഞ കാലയളവിൽ മികവ് പുലർത്താൻ വാർണർക്ക് സാധിച്ചിരുന്നില്ല. പാകിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ വാർണറിനെ ഉൾപ്പെടുത്തിയതിന് പുറകെയാണ് വിമർശനവുമായി ജോൺസൻ രംഗത്തെത്തിയത്.

പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട വാർണറിനെ പോലെയൊരു താരത്തിന് വിടവാങ്ങൽ പരമ്പര നൽകുന്നത് അങ്ങേയറ്റം അഹങ്കാരവും രാജ്യത്തോടുള്ള അനാദരവും ആണെന്നാണ് ജോൺസൺ പ്രമുഖ പത്രത്തിൽ കുറിച്ചത്.

ടെസ്റ്റിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന ഒരാൾക്ക് എന്തിനാണ് യാത്രയയപ്പ് നൽകുന്നതെന്നും പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട ഒരാളെ ഹീറോയായി കണ്ട് ഇത്തരത്തിൽ ഒരു യാത്രയയപ്പ് നൽകുന്നത് തെറ്റാണെന്നും മിച്ചൽ ജോൺസൻ തുറന്നടിച്ചു.