Skip to content

ചഹാലിന് ആശ്വാസം !! ആ റെക്കോർഡ് ഇനി പ്രസീദ് കൃഷ്ണയ്ക്ക് സ്വന്തം

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിലെ മോശം പ്രകടനത്തോടെ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ പ്രസീദ് കൃഷ്ണ. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഈ മത്സരത്തിൽ അഞ്ച് വിക്കറ്റിന് പരാജയപെട്ടിരുന്നു.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 223 റൺസിൻ്റെ വിജയലക്ഷ്യം അവസാന പന്തിലാണ് ഓസ്ട്രേലിയ മറികടന്നത്. 48 പന്തിൽ 8 ഫോറും 8 സിക്സും ഉൾപ്പടെ 104 റൺസ് നേടിയ ഗ്ലെൻ മാക്സ്വെല്ലാണ് ഓസ്ട്രേലിയക്ക് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. വേഡ് 16 പന്തിൽ 28 റൺസും ട്രാവിസ് ഹെഡ് 18 പന്തിൽ 35 റൺസും നേടി.

മത്സരത്തിൽ നാലോവറുകൾ എറിഞ്ഞ പ്രസീദ് കൃഷ്ണയ്ക്കെതിരെ 68 റൺസാണ് ഓസ്ട്രേലിയ അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ വിജയിക്കാൻ 21 റൺസ് വേണമെന്നിരിക്കെ 24 റൺസ് താരം വിട്ടുകൊടുത്തു.

ഈ മോശം പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 യിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ ബൗളറെന്ന മോശം റെക്കോർഡ് പ്രസീദ് കൃഷ്ണ സ്വന്തമാക്കി. 2018 ൽ സൗത്താഫ്രിക്കയ്ക്കെതിരെ നാലോവറിൽ 64 റൺസ് വഴങ്ങിയ യുസ്വെന്ദ്ര ചഹാലിൻ്റെ പേരിലായിരുന്നു ഇതിന് മുൻപ് ഈ റെക്കോർഡ് ഉണ്ടായിരുന്നത്.