Skip to content

മാക്സ്വെൽ ദി ഹീറോ !! ഇന്ത്യയ്ക്കെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ഓസ്ട്രേലിയ. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ 5 വിക്കറ്റിനായിരുന്നു ഓസീസിൻ്റെ വിജയം.

ഗ്ലെൻ മാക്സ്വെല്ലിൻ്റെ സെഞ്ചുറി മികവിലാണ് ത്രസിപ്പിക്കുന്ന വിജയം ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 223 റൺസിൻ്റെ വിജയലക്ഷ്യം 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. അവസാന ഓവറിൽ 23 റൺസ് അടിച്ചുകൂട്ടിയാണ് ഓസ്ട്രേലിയ വിജയം കുറിച്ചത്.

വെറും 47 പന്തിൽ സെഞ്ചുറി നേടിയ മാക്സ്വെൽ 48 പന്തിൽ 8 ഫോറും 8 സിക്സും ഉൾപ്പടെ 104 റൺസ് നേടി പുറത്താകാതെ നിന്നു. ട്രാവിസ് ഹെഡ് 18 പന്തിൽ 35 റൺസ് നേടിയപ്പോൾ മാത്യൂ വേഡ് 16 പന്തിൽ 28 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 57 പന്തിൽ 13 ഫോറും 7 സിക്സും അടക്കം 123 റൺസ് നേടി പുറത്താകാതെ നിന്ന റിതുരാജ് ഗയ്ക്ക്വാദിൻ്റെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചിരുന്നു. ഡിസംബർ ഒന്നിനാണ് പരമ്പരയിലെ നാലാം മത്സരം നടക്കുന്നത്.