Skip to content

ബാറ്റിൽ പലസ്തീൻ പതാക !! ക്രിക്കറ്റ് താരത്തിനെതിരെ നടപടിയുമായി ക്രിക്കറ്റ് ബോർഡ്

തൻ്റെ ബാറ്റിൽ പലസ്തീൻ പതാക പതിപ്പിച്ച് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പാകിസ്ഥാൻ താരം അസം ഖാനെതിരെ നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പാകിസ്ഥാനിലെ ആഭ്യന്തര ടൂർണമെൻ്റിലാണ് സംഭവം അരങ്ങേറിയത്.

കറാച്ചി വൈറ്റ്സും ലാഹോർ ബ്ലൂസും തമ്മിലുള്ള മത്സരത്തിലാണ് തൻ്റെ ബാറ്റിൻ്റെ അറ്റത്തായി പലസ്തീൻ പതാക പതിപ്പിച്ച് അസം ഖാൻ ബാറ്റ് ചെയ്തത്. എന്നാലിത് ഐസിസിയുടെ ചട്ടങ്ങൾക്ക് വിരുദധമായതിനാലാണ് നടപടി എടുക്കാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നിർബന്ധിതമായത്.

ഐസിസി ചട്ട പ്രകാരം കളിക്കാർക്ക് അവരുടെ വസ്ത്രങ്ങളിലോ ഉപകരണങ്ങളിലോ രാഷ്ട്രീയമോ മതപരമോ ആയ ചിത്രങ്ങളോ, സന്ദേശങളോ പ്രദർശിപ്പിക്കാനുള്ള അനുവാദമില്ല. ഈ നിയമങ്ങൾ രാജ്യങ്ങളിൽ നടക്കുന്ന ആഭ്യന്തര ക്രിക്കറ്റിനും ബാധകമാണ്. അതുകൊണ്ട് തന്നെയാണ് അസം ഖാനിനെതിരെ നടപടി എടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിർബന്ധിതരായത്.

നേരത്തെ ഏകദിന ലോകകപ്പിനിടെ പാക് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ പലസ്തീന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനെതിരെ ചില പ്രതിഷേധം ഉയർന്നുവെങ്കിലും കളിക്കളത്തിന് പുറത്തായതിനാൽ ഐസിസി നടപടി എടുത്തിരുന്നില്ല. എന്നാൽ ഇതിന് മുൻപ് ഇംഗ്ലണ്ട് താരം മോയിൻ അലിയ്ക്കെതിരെ ഐസിസി നടപടി എടുത്തിരുന്നു. 2014 ൽ സേവ് ഗാസ എന്ന് പതിച്ച റിസ്റ്റ് ബാൻഡ് ധരിച്ചതിനാലാണ് മോയിൻ അലിയ്ക്കെതിരെ ഐസിസി നടപടി എടുത്തത്.