Skip to content

ഇത് കളിയാക്കിവർക്കുള്ള മറുപടി !! സൂര്യകുമാർ യാദവിന് കീഴിൽ റെക്കോർഡ് ചേസുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ യുവനിരയ്ക്ക് വിജയതുടക്കം. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിലാണ് ഇന്ത്യ മറികടന്നത്. അവസാന പന്തിൽ ഒരു റൺ വേണമെന്നിരിക്കെ സിക്സ് പറത്തിയാണ് റിങ്കു സിങ് ടീമിനെ വിജയത്തിൽ എത്തിച്ചത്. അബോട്ട് എറിഞ്ഞ പന്താകട്ടെ നോ ബോളായതോടെ ആ സിക്സ് റിങ്കുവിന് ലഭിച്ചില്ല.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ റെക്കോർഡ് റൺ ചേസ് കൂടിയാണിത്. ഇതിന് മുൻപ് 2019 ൽ വിൻഡീസിനെതിരെ 208 റൺസ് പിന്തുടർന്ന് വിജയിച്ചതായിരുന്നു ഈ ഫോർമാറ്റിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺചേസ്.

മത്സരത്തിൽ ജോഷ് ഇംഗ്ലീഷിൻ്റെ സെഞ്ചുറി മികവിലാണ് മികച്ച സ്കോർ ഓസീസ് നേടിയത്. മറുപടിയായി 42 പന്തിൽ 9 ഫോറും 4 സിക്സും ഉൾപ്പടെ 80 റൺസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, 39 പന്തിൽ 2 ഫോറും 5 സിക്സും ഉൾപ്പടെ 58 റൺസ് നേടിയ ഇഷാൻ കിഷൻ എന്നിവരാണ് ഇന്ത്യക്കായി തിളങ്ങിയത്. റിങ്കു സിങ് 14 പന്തിൽ 22 റൺസ് നേടി.