Skip to content

ആവേശം അവസാന പന്ത് വരെ ! റിങ്കുവിൻ്റെ ഫിനിഷിൽ ആവേശ വിജയവുമായി ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് ആവേശ വിജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 2 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഇന്നിങ്സാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 209 റൺസിൻ്റെ വിജയലക്ഷ്യം 19.5 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 42 പന്തിൽ 9 ഫോറും 4 സിക്സും ഉൾപ്പടെ 80 റൺസ് നേടിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറുകളിൽ ഓസ്ട്രേലിയ പോരാടിയെങ്കിലും റിങ്കു സിങ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.

ഇഷാൻ കിഷൻ 39 പന്തിൽ 2 ഫോറും 5 സിക്സും ഉൾപ്പടെ 58 റൺസ് അടിച്ചുകൂട്ടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ സെഞ്ചുറി നേടിയ ജോഷ് ഇംഗ്ലീഷിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 47 പന്തിൽ സെഞ്ചുറി നേടിയ താരം 50 പന്തിൽ 11 ഫോറും 8 സിക്സും ഉൾപ്പടെ 110 റൺസ് അടിച്ചുകൂട്ടി. സ്റ്റീവ് സ്മിത്ത് 52 റൺസ് നേടി പുറത്തായി.

ഞായറാഴ്ച തിരുവനന്തപുരത്താണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.