Skip to content

ദ്രാവിഡ് പുറത്തേക്ക് !! പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ ബിസിസിഐ

ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ചായി രാഹുൽ ദ്രാവിഡ് തുടരില്ലെന്ന് റിപ്പോർട്ടുകൾ. ഐസിസി ഏകദിന ലോകകപ്പോടെ രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിച്ചിരുന്നു. എന്നാൽ കരാർ പുതുക്കുന്നതിന് രാഹുൽ ദ്രാവിഡോ ബിസിസിഐയോ തയ്യാറല്ലയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇതോടെ പുതിയ ഹെഡ് കോച്ചിനെ നിയമിക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ. മുൻ താരവും നിലവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി ചെയർമാൻ കൂടിയായ വി വി എസ് ലക്ഷ്മൺ ആയിരിക്കും ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച്. രാഹുൽ ദ്രാവിഡിൻ്റെ അഭാവത്തിൽ ചില പര്യടനങ്ങളിൽ ലക്ഷ്മൺ ആയിരുന്നു ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച്.

ഇന്നാരംഭിക്കുന്ന ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും വി വി എസ് തന്നെയാണ് ഇന്ത്യൻ ടീമിൻ്റെ ഹെഡ് കോച്ച്.

രവി ശാസ്ത്രിയെന്ന പോലെ ഇന്ത്യയ്ക്ക് ഐസിസി ട്രോഫി നേടികൊടുക്കാൻ രാഹുൽ ദ്രാവിഡിനും സാധിച്ചില്ല. ഏകദിനത്തിലും ടെസ്റ്റിലും ദ്രാവിഡിന് കീഴിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. 2022 ടി20 ലോകകപ്പിൽ സെമിഫൈനലിൽ എത്തിയ ടീം, ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനലിൽ പ്രവേശിച്ചു.