Skip to content

ലഖ്നൗ വിട്ടു !! പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തി ഗൗതം ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനോട് വിടപറഞ്ഞ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിൻ്റെ മെൻ്ററായി പ്രവർത്തിച്ച ശേഷമാണ് ഗംഭീർ സ്ഥാനം ഒഴിയുന്നത്.

ലഖ്നൗ സൂപ്പർ ജയൻ്റ്സിൻ്റെ മെൻ്റർ സ്ഥാനം ഒഴിഞ്ഞ ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ മെൻ്ററായാണ് തിരിച്ചെത്തിയിരിക്കുന്നത്. 6 വർഷങ്ങൾക്ക് ശേഷമാണ് ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്തുന്നത്.

ഗൗതം ഗംഭീർ ക്യാപ്റ്റനായിരിക്കെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് തവണ ഐ പി എൽ കിരീടം നേടിയത്. 2012 സീസണിലും 2014 സീസണിലും ടീമിന് കിരീടം നേടികൊടുക്കുവാൻ ഗംഭീറിന് സാധിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിൽ മോശം പ്രകടനം തുടരുന്ന കൊൽക്കത്തയ്ക്ക് ഗംഭീറിൻ്റെ തിരിച്ചുവരവ് വലിയ ഊർജം പകരും.

കഴിഞ്ഞ സീസണിൽ പോയിൻറ് ടേബിളിൽ ഏഴാം സ്ഥാനത്താണ് കെ കെ ആർ ഫിനിഷ് ചെയ്തത്. പരിക്ക് മൂലം ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കഴിഞ്ഞ സീസണിൽ കളിക്കാൻ സാധിച്ചിരുന്നില്ല. നിതീഷ് റാണയാണ് ടീമിനെ നയിച്ചിരുന്നത്. ഇക്കുറി ശ്രേയസ് അയ്യരും ടീമിനായി തിരിച്ചെത്തും.