Skip to content

മികച്ച ടീം അവർ തന്നെയാണ് !! കൈഫിൻ്റെ പ്രസ്താവനയെ തള്ളി ഗൗതം ഗംഭീർ

ലോകകപ്പ് കിരീടം നേടിയത് ഈ ലോകകപ്പിലെ മികച്ച ടീമല്ലയെന്ന മുൻ താരം മൊഹമ്മദ് കൈഫിൻ്റെ പ്രസ്താവനയെ തള്ളി ഗൗതം ഗംഭീർ. ലോകകപ്പ് വിജയിച്ചത് ഓസ്ട്രേലിയ ആണെങ്കിലും ഈ ടൂർണമെൻ്റിലെ മികച്ച ടീം ഇന്ത്യയെന്നായിരുന്നു കൈഫ് പറഞ്ഞത്. ഇതിനെതിരെയാണ് ഇപ്പോൾ ഗംഭീർ രംഗത്തെത്തിയിരിക്കുന്നത്.

ലോകകപ്പ് ജേതാക്കളായ ഓസ്ട്രേലിയ തന്നെയാണ് ഈ ലോകകപ്പിലെ മികച്ച ടീമെന്നും ലീഗ് ഘട്ടത്തിൽ ഒന്നാമതോ രണ്ടാമതോ എത്തിയതൊന്നും ഇവിടെ വിഷയമല്ലയെന്നും ഗംഭീർ തുറന്നുപറഞ്ഞു.

” ഇത് പലർക്കും ഇഷ്ടമാകില്ല എന്നെനിക്ക് അറിയാം. ചിലർ ഈ ലോകകപ്പ് വിജയിച്ചത് മികച്ച ടീമല്ലയെന്ന് പറയുന്നത് കേട്ടു. ഞാൻ കേട്ടിട്ടുള്ള ഏറ്റവും വിചിത്രമായ പ്രസ്താവനയാണിത്. ഈ ലോകകപ്പ് വിജയിച്ച ഓസ്ട്രേലിയ തന്നെയാണ് മികച്ച ടീം. ”

” ഇന്ത്യ 10 മത്സരങ്ങൾ വിജയിച്ച് മികച്ച ഫോമിലായിരുന്നു. അതുകൊണ്ട് ഫേവറിറ്റ്സുകളും അവരായിരുന്നു. എന്നാൽ ഓസ്ട്രേലിയയും തുടർച്ചയായ എട്ട് മത്സരങ്ങൾ വിജയിച്ചിരുന്നു. മികച്ച ടീം മാത്രമെ ലോകകപ്പ് വിജയിക്കൂ. സെമിഫൈനലും ഫൈനലും നോക്കൗട്ട് മത്സരങ്ങളാണ്. നിങ്ങൾ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ എത്തിയതൊന്നും ഇവിടെ വിഷയമല്ല. ” ഗംഭീർ പറഞ്ഞു.

ലീഗ് ഘട്ടത്തിൽ വിജയിക്കുന്നത് എളുപ്പമാണെന്നും ചെറിയ പിഴവ് പോലും പുറത്താകലിലേക്ക് വഴിവയ്ക്കുമെന്നിരിക്കെ സെമിയും ഫൈനലും വിജയിക്കുന്നതാണ് ബുദ്ധിമുട്ടേറിയ കാര്യമെന്നും ഗംഭീർ കൂട്ടിചേർത്തു. ഇന്ത്യ ഫൈനലിൽ നന്നായി കളിച്ചില്ലയെന്നത് വസ്തുതയാണെന്നും ഗംഭീർ പറഞ്ഞു.