Skip to content

ഇന്ത്യയ്ക്ക് തോൽവി ! ആറാം ലോകകപ്പ് കിരീടം നേടി ഓസ്ട്രേലിയ

ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയെ പരാജയപെടുത്തി ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടി ഓസ്ട്രേലിയ. അഹമ്മദാബാദിൽ നിന്ന ഫൈനലിൽ 6 വിക്കറ്റിൻ്റെ വിജയം നേടിയാണ് ആറാം ലോകകപ്പ് കിരീടം ഓസ്ട്രേലിയ നേടിയത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 241 റൺസിൻ്റെ വിജയലക്ഷ്യം 43 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. 47 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടപെട്ട ശേഷമാണ് ഗംഭീര തിരിച്ചുവരവാണ് ഓസ്ട്രേലിയ നടത്തിയത്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിൻ്റെയും ഫിഫ്റ്റി നേടിയ ലാബുഷെയ്ൻ്റെയും മികവിലാണ് ഓസീസ് വിജയം നേടിയത്.

ട്രാവിസ് ഹെഡ് 120 പന്തിൽ 15 ഫോറും 4 സിക്സും ഉൾപ്പടെ 137 റൺസ് നേടിയപ്പോൾ ലാബുഷെയ്ൻ 110 പന്തിൽ 58 റൺസ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 240 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 31 പന്തിൽ 47 റൺസ് നേടിയ രോഹിത് ശർമ്മ, 54 റൺസ് നേടിയ വിരാട് കോഹ്‌ലി, 66 റൺസ് നേടിയ കെ എൽ രാഹുൽ എന്നിവർ മാത്രമാണ് ഇന്ത്യക്കായി തിളങ്ങിയത്.

ഓസ്ട്രേലിയയ്ക്ക് വേണ്ടി സ്റ്റാർക്ക്, ഹേസൽവുഡ്, കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.