Skip to content

തോൽവിയിലും ലോകകപ്പിൽ നിന്നും തലയുയർത്തി മടങ്ങി അഫ്ഗാനിസ്ഥാൻ

ഐസിസി ഏകദിന ലോകകപ്പിൽ തോൽവിയോടെയെങ്കിലും തല ഉയർത്തി മടങ്ങി അഫ്ഗാനിസ്ഥാൻ. സൗത്താഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാൻ പരാജയപെട്ടത്.

മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 245 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്ക 47.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 95 പന്തിൽ 76 റൺസ് നേടി പുറത്താകാതെ നിന്ന റാസി വാൻഡർ ഡസനാണ് സൗത്താഫ്രിക്കൻ വിജയം ഉറപ്പിച്ചത്.

അഫ്ഗാന് വേണ്ടി റാഷിദ് ഖാൻ, മൊഹമ്മദ് നബി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

9 മത്സരങ്ങളിൽ നാല് മത്സരങ്ങളിൽ വിജയിക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചു. ഇംഗ്ലണ്ട്, പാകിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ്സ് എന്നീ ടീമുകളെയാണ് അഫ്ഗാൻ പരാജയപെട്ടത്. ഓസ്ട്രേലിയക്കെതിരെ ഗംഭീര പ്രകടനം പുറത്തെടുക്കാനും അഫ്ഗാന് സാധിച്ചു. ഇതിന് മുൻപ് കളിച്ച രണ്ട് ലോകകപ്പുകളിൽ ഒരേയൊരു മത്സരത്തിൽ മാത്രമായിരുന്നു അഫ്ഗാന് വിജയിക്കാൻ സാധിച്ചിരുന്നത്. എന്നാൽ തങ്ങളുടെ മൂന്നാം ലോകകപ്പിൽ നാല് മത്സരങ്ങൾ അഫ്ഗാനിസ്ഥാൻ വിജയിച്ചു.

ഇതിനൊപ്പം തന്നെ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ട്രോഫി യോഗ്യത നേടുവാനും അഫ്ഗാനിസ്ഥാന് സാധിച്ചു.