Skip to content

അവൻ ക്രീസിൽ ഉണ്ടെങ്കിൽ എന്തും സാധ്യതമാണ് : ബാബർ അസം

ഐസിസി ഏകദിന ലോകകപ്പിൽ സെമിഫൈനൽ പ്രതീക്ഷകൾ കൈവിടാതെ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 287 റൺസിന് വിജയിച്ചാൽ മാത്രമെ പാകിസ്ഥാന് സെമിഫൈനൽ പ്രവേശനം സാധ്യമാകൂ. പക്ഷേ പ്രതീക്ഷകൾ കൈവിടാൻ ഒരുക്കമല്ലെന്ന് മത്സരത്തിന് മുൻപായി തുറന്നുപറഞ്ഞിരിക്കുകയാണ് ബാബർ അസം.

കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡ് നേടിയ വമ്പൻ വിജയമാണ് പാകിസ്ഥാൻ്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. ഇനി ഇംഗ്ലണ്ടിനെ 287 റൺസിന് പരാജയപെടുത്തിയാൽ മാത്രമേ സെമിഫൈനലിൽ പ്രവേശിക്കാൻ പാകിസ്ഥാന് സാധിക്കൂ.

നെറ്റ് റൺ റേറ്റ് മറികടക്കുകയെന്ന പദ്ധതിയോടെയായിരിക്കും ഇംഗ്ലണ്ടിനെ നേരിടാൻ തങ്ങൾ ഇറങ്ങുകയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ബാബർ അസം. എന്നുകരുതി എല്ലാ പന്തുകളിലും ബൗണ്ടറി നേടുവാൻ നോക്കുകയില്ലെന്നും ആദ്യ 10 ഓവറുകളിൽ കളിച്ച് സാഹചര്യങ്ങൾ വിലയിരുത്തിയാകും അടുത്ത 20 ഓവറുകളിൽ കളിക്കുകയെന്നും ചില ലക്ഷ്യങ്ങൾ ആദ്യം നേടേണ്ടതുണ്ടെന്നും ബാബർ പറഞ്ഞു.

ന്യൂസിലൻഡിനെതിരെ അടക്കം തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഫഖർ സമാൻ 20-30 ഓവർ ക്രീസിൽ നിന്നാൽ ഏത് ലക്ഷ്യവും നേടുവാൻ തങ്ങൾക്ക് സാധിക്കുമെന്നും ബാബർ അസം പ്രതീക്ഷ പ്രകടിപ്പിച്ചു. നാളെ ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്.