Skip to content

ക്രിക്കറ്റിൽ എന്തും സംഭവിക്കാം !! പ്രതീക്ഷ പങ്കുവെച്ച് പാക് താരം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ പുറത്താകലിൻ്റെ വക്കിൽ നിൽക്കവെ പ്രതീക്ഷ കൈവിടാതെ മുൻ പാക് താരം മൊഹമ്മദ് ആമിർ. ക്രിക്കറ്റിൽ എന്തും സംഭവിക്കാമെന്നും ആ താരത്തിൻ്റെ പ്രകടനം പാകിസ്ഥാന് നിർണായകം ആകുമെന്നും ആമിർ പറഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയെ ന്യൂസിലൻഡ് അനായാസം തകർത്തതോടെയാണ് പാകിസ്ഥാൻ്റെ പ്രതീക്ഷകൾ ഏറെകുറെ അവസാനിച്ചത്. അവസാന ലീഗ് മത്സരത്തിൽ . ഇംഗ്ലണ്ടിനെ 287 റൺസിന് പരാജയപെടുത്തിയാൽ മാത്രമെ പാകിസ്ഥാന് ന്യൂസിലൻഡിനെ നെറ്റ് റൺ റേറ്റ് മറികടക്കാൻ സാധിക്കൂ. മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റ് ചെയ്താൽ പാകിസ്ഥാൻ പുറത്താവുകയും ചെയ്യും. രണ്ടാമത് ബാറ്റ് ചെയ്യുകയാണെങ്കിൽ 284 പന്തുകൾ ബാക്കിനിൽക്കെ അതായത് 2.4 ഓവറിൽ വിജയലക്ഷ്യം മറികടന്ന് വിജയിക്കേണ്ടതുണ്ട്.

സാധ്യതകൾ വിദൂരമാണെങ്കിൽ കൂടിയും പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുകയാണ് മൊഹമ്മദ് ആമിർ. ആദ്യം ബാറ്റ് ചെയ്തുകൊണ്ട് 400-450 റൺസ് നേടി ഇംഗ്ലണ്ടിനെ നൂറിൽ താഴെ പുറത്താക്കാൻ പാകിസ്ഥാന് സാധിക്കുമെന്നും ന്യൂസിലൻഡിനെതിരെ ഫഖർ സമാൻ കാഴ്ച്ചവെച്ച പ്രകടനം ഇംഗ്ലണ്ടിനെതിരെയും തുടരാൻ സാധിച്ചാൽ പാകിസ്ഥാൻ ഈ കടമ്പ മറികടന്ന് സെമിയിൽ പ്രവേശിക്കാമെന്നും ആമിർ പറഞ്ഞു.

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 402 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനായി 81 പന്തിൽ പുറത്താകാതെ 126 റൺസ് ഫഖർ സമാൻ നേടിയിരുന്നു. മഴ തടസ്സപെടുത്തിയ മത്സരത്തിൽ Dls method പ്രകാരം പാകിസ്ഥാൻ വിജയിക്കുകയും ചെയ്തു.