Skip to content

അവിടെ യാതൊരു സ്വാതന്ത്ര്യവുമില്ല !! ഇന്ത്യയ്ക്കെതിരെ വിമർശനവുമായി മുൻ പാക് താരം

ഐസിസി ഏകദിന ലോകകപ്പിൽ പാകിസ്ഥാൻ്റെ മോശം പ്രകടനത്തിൽ ഇന്ത്യയെ കുറ്റപെടുത്തി മുൻ പാകിസ്ഥാൻ താരം അബ്ദുൽ റസാക്ക്. ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ ന്യൂസിലൻഡ് വിജയത്തിന് അടുത്തതോടെ ഇനി സെമിഫൈനലിൽ പ്രവേശിക്കാൻ വിദൂര സാധ്യത മാത്രമാണ് പാകിസ്ഥാനുള്ളത്. ഇതിനിടെയാണ് ഇന്ത്യയിലെ കടുത്ത സുരക്ഷയ്ക്കെതിരെ അബ്ദുൽ റസാക്ക് രംഗത്തെത്തിയിരിക്കുന്നത്.

പല കാരണങ്ങളാൽ മറ്റു ടീമുകളേക്കാൾ വലിയ സുരക്ഷയാണ് പാകിസ്ഥാൻ ടീമിന് ഒരുക്കിയിട്ടുള്ളത്. എന്നാൽ ഇതിൻ്റെ പേരിൽ പാകിസ്ഥാൻ ടീം ഡയറക്ടർ മിക്കി ആർതർ അടക്കമുളളവർ ഇന്ത്യയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

” ഇന്ത്യയിൽ അവർക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ല. ഹോട്ടലിന് വെളിയിൽ പോയി ആസ്വദിക്കാൻ അവർക്കാകില്ല. കടുത്ത സുരക്ഷയാണ് ഇന്ത്യയിൽ ഉള്ളത് അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും അവർ ഹോട്ടലിനുള്ളിൽ തന്നെയാണ്. ഒരു കളിക്കാരന് സ്വാതന്ത്ര്യം ആവശ്യമാണ്. അവനിൽ ഒരുപാട് നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അവന് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനാകില്ല. ” അബ്ദുൽ റസാക്ക് പറഞ്ഞു.

ലോകകപ്പിൽ ഇന്ത്യ, സൗത്താഫ്രിക്ക, ഓസ്ട്രേലിയ എന്നീ ടീമുകളാണ് ഇതുവരെ യോഗ്യത നേടിയിട്ടുള്ളത്. പാകിസ്ഥാൻ, അഫ്ഗാൻ എന്നീ ടീമുകൾക്ക് ന്യൂസിലൻഡിനൊപ്പം സാധ്യതയുണ്ടെങ്കിൽ കൂടിയും ശ്രീലങ്കയ്ക്കെതിരെ ന്യൂസിലൻഡ് വിജയിച്ചാൽ അവരുടെ നെറ്റ് റൺ മറികടക്കാൻ പാകിസ്ഥാനും അഫ്ഗാനും അത്ഭുതങ്ങൾ ചെയ്യേണ്ടിവരും. ഓസ്ട്രേലിയയും സൗത്താഫ്രിക്കയും തമ്മിലായിരിക്കും ആദ്യ സെമിയിൽ ഏറ്റുമുട്ടുക. യോഗ്യത നേടുന്ന നാലാമത്തെ ടീമായിരിക്കും ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ എതിരാളികൾ.